കണ്ണൂര്‍: കണ്ണൂരില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ നടന്ന കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല 2010ലെ ന്യൂ മാഹി ഇരട്ടക്കൊലയുടെ പ്രതികാരമെന്ന് സൂചന. മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊന്നത് എട്ടംഗ സംഘമാണെന്നും പൊലീസ് പറയുന്നു. ഇവര്‍ പ്രദേശത്ത് ഉള്ളവര്‍ തന്നെയാണെന്നാണ് സംശയം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്.
സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2 ബിജെപി പ്രവര്‍ത്തകരാണ് 2010ല്‍ കൊല്ലപ്പെട്ടിരുന്നത്. അതിന്റെ ആസൂത്രകന്‍ ബാബുവാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അതേ സമയം കൊപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്.
തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. ബാബുവിനു വെട്ടേറ്റതിന് പിന്നാലെ ന്യൂമാഹിയില്‍ സിപിഐഎംആര്‍എസ്‌എസ് സംഘര്‍ഷമുണ്ടായി. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്ബോള്‍ കല്ലായി അങ്ങാടിയില്‍ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.