ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ലാത്തൂരിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കന്നിവോട്ടർമാരോടു പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യർത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം തേടി. മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോടാണ് തിരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം തേടിയത്.
സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടു ചെയ്തു രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരാനായിരുന്നു കന്നി വോട്ടർമാരോടു പ്രധാനമന്ത്രിയുടെ ആഹ്വാനം.