ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
കോൺഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയത്.
ബിജെപി ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയ വൽക്കരിക്കരിക്കുകയാണ് എന്ന് പരാതിപ്പെട്ട് വിരമിച്ച സൈനികർ നൽകിയ കത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു. കര, വായു, നാവിക സേനകളുടെ മുൻ മേധാവികളടക്കമുള്ളവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്