കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മേയ് 14 ന് നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള കാലാവധി ശനിയാഴ്ചയാണ് അവസാനിച്ചത്. 34 ശതമാനം സീറ്റുകളിലും ത്രൃണമൂല്‍ സ്ഥാനാര്‍ഥിയല്ലാതെ മറ്റൊരാളും മത്സരിക്കുന്നില്ല. ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിെന്റ ഭീഷണിമൂലമാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നോമിനേഷന്‍ നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് ആരോപണം.
തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വാട്ട്സ് ആപ്പിലൂടെ അയച്ച നോമിനേഷന്‍ പോലും ഫയലില്‍ സ്വീകരിച്ചതായും ആരോപണമുണ്ട്. സംസ്ഥാനത്തെ 58,692 സീറ്റുകളില്‍ 20,000 സീറ്റുകളിലും എതിര്‍ സ്ഥാനാര്‍ഥികളില്ലാതെ ത്രൃണമുല്‍ സ്വന്തമാക്കി. പശ്ചിമബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ബിര്‍ഹുമിലെ ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയവരെ ബൈക്കിലെത്തിയ സംഘം വാളുവീശി പരിക്കേല്‍പ്പിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു.