ഒന്നര വര്‍ഷത്തോളമായി ശമ്പളമില്ലാതെ ബഹറിന്‍ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെ തൊഴിലാളികള്‍ ദുരിതത്തില്‍. മലയാളികള്‍ ഉള്‍പ്പെടെ 200 ഓളം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ഇവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും ഇതര സംഘടനകളുടേയും മറ്റും സഹായത്തോടെയാണ് മുന്നോട്ടു പോകുന്നത്. ഭക്ഷണത്തിനും ഇലക്ട്രിസിറ്റി, കുടിവെള്ളം മുതലായവയ്ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിക്കുകയാണിവര്‍.
500 ഓളം ജോലിക്കാരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ പലരും ശമ്പളം ലഭിക്കാതായതോടെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് അധികവും പ്രതിസന്ധിയിലായത്. ഇന്‍ഡ്യന്‍ എംബസിക്കും, ബഹറിന്‍ തൊഴില്‍ മന്ത്രാലയത്തിനും കൂടാതെ ബഹറിന്‍ ഹ്യൂമന്‍ റൈറ്റ്സിനും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും തൊഴിലാളികള്‍ പറയുന്നു. കൂടാതെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും പരാതി കൊടുത്തെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഇനി ആരെ സമീപിക്കണം എന്നറിയാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണ തൊഴിലാളികള്‍.
ആശുപത്രി മാനേജ്മെന്റ് വളരെ മോശമായാണ് തൊഴിലാളികളോട് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. തൊഴിലാളികള്‍ക്ക് ഒന്നും കൊടുക്കാതെ നിര്‍ബന്ധിച്ച് പിരിച്ചുവിടുകയും ചെയ്യുകയാണ്. ഇതില്‍ പലരും നാട്ടിലെ പ്രളയബാധിതരില്‍പ്പെട്ടവരുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.