ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തില്‍ തിരികെയത്തുകയാണ് 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിലൂടെ. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ യമണ്ടന്‍ ചിത്രകഥയെക്കുറിച്ച് പറയുന്നത്. അവരുടെ അവകാശവാദം ശരിവെയ്ക്കുന്നതാണ് ചിത്രമെന്നു പറയാം. തനി നാട്ടിന്‍പുറത്തുകാരനായ ഒരു പെയിന്റ് പണിക്കാരനായ ലല്ലുവാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രം . ലല്ലുവിന്റെ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
പെയിന്റിങ് പണിയിലെ ആശാനായ പാഞ്ചികുട്ടന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സലിം കുമാറാണ്. ലല്ലുവിന്റെയും പാഞ്ചി കുട്ടന്റെയും സുഹൃത്തുക്കളും സഹായികളുമായി വിക്കിയും ടിനിയും എത്തുന്നു. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സൗബിനും വിഷ്ണുവുമാണ്. ജെസ്ന എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. രഞ്ജി പണിക്കര്‍, ധര്‍മ്മജന്‍, നിഖില വിമല്‍, അശോകന്‍, ഹരീഷ് കണാരന്‍, ബൈജു, സൂരാജ് വെഞ്ഞാറമൂട്, ദിലിഷ് പോത്തന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ബിബിന്‍ ജോര്‍ജും ശ്രദ്ധേയമായ ഒരു കഥാപാത്രം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാദിര്‍ഷായാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പി. സുകുമാറിന്റെ കാമറ കാഴ്ചകള്‍ മികച്ചതാണ്. ആന്റോ ജോസഫും സി.ആര്‍ സലീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.