ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം  

203 0

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം സത്യദീപം. ഇറങ്ങാത്ത ഇടയലേഖനം എന്നപേരിലുള്ള മുഖപ്രസംഗത്തിലാണ് ബിജെപിക്കെതിരെ കടുത്തവിമര്‍ശനം ചൊരിയുന്നത്.

സംസ്ഥാനത്ത് ഇന്ധനവില 100 കടക്കുന്നതിന്റെ വിജയാഹ്‌ളാദമാണോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ദേശ്യമെന്ന് മുഖപ്രസംഗത്തില്‍ ആരായുന്നു. അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ക്രൈസ്തവസഭ ഉറക്കെ ചോദിക്കണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു. വിവാദകാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും ചോദിയ്ക്കണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

മുഖപ്രസംഗം പൂര്‍ണരൂപം:

''തീയതി കുറിച്ചു. അങ്കംമുറുകി. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ ഏപ്രില്‍ 6-ന്. സീറ്റ് നിര്‍ണ്ണയമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ കടമ്പ. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍. പതിവുപോലെ യാത്രകളോടെ തന്നെയാണ് ഇത്തവണയും പ്രാചാരണാരംഭം. എന്‍ഡിഎയുടെ വിജയയാത്രയും, യുഡിഎഫിന്റെ ഐശ്വര്യയാത്രയും എല്‍ഡിഎഫിന്റെ വികസനയാത്രയും കേരളത്തിനുവേണ്ടി എന്നതിനേക്കാള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കേളികൊട്ടാണെന്ന് ജനസാമാന്യത്തിന് നല്ല ബോധ്യമുണ്ട്. യാത്രയ്ക്ക് മുന്‍പും യാത്രയ്ക്കിടയിലും വിവിധ സമുദായങ്ങളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമം മൂന്നു മുന്നണികളും മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. സമുദായ നേതാക്കളെ നേരിട്ട് കണ്ടും പ്രശ്‌നങ്ങളില്‍ പിന്തുണയറിയിച്ചും വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളില്‍ മത്സരബുദ്ധിയോടെയാണ് ഏതാണ്ടെല്ലാ കക്ഷികളും. സമുദായ നേതൃത്വങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ പറയാതെ പറയുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു ശേഷം മാത്രം പിന്തുണയെന്നാണ് എസ്.എന്‍.ഡി.പി. നല്കുന്ന സൂചന. ശബരിമല മുഖ്യവിഷയം തന്നെയെന്ന് എന്‍.എസ്.എസ്. മുന്നണികളുടെ ആത്മാര്‍ത്ഥത സമുദായംഗങ്ങള്‍ക്ക് നല്ലതുപോലെ അറിയാമെന്ന അനുബന്ധവും. കത്തോലിക്കാ സമുദായത്തിന്റെ നിരുപാധിക പിന്തുണ ആര്‍ക്കുമില്ലെന്ന് സഭാ നേതൃത്വം. സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന് കൂട്ടിച്ചേര്‍ക്കല്‍! തദ്ദേശ തെരെഞ്ഞടുപ്പിലേതെന്നതുപോലെ വര്‍ഗ്ഗീയതയുടെ വിലാസം ആര്‍ക്കാ ണ് കൂടുതല്‍ ചേരുന്നതെന്ന തര്‍ക്കം നിയമസഭാ തെരഞ്ഞെടുപ്പ് പ്രാരണ വേദിയിലും സജീവമാകുമെന്നുറപ്പായി. മുന്നണികള്‍ പരസ്പരം അത് ചാര്‍ത്തി നല്കാന്‍ പാടുപെടുകയാണ്. പ്രീണനവഴികളില്‍ വഴുതിപ്പോയതിന്റെ പൂര്‍വ്വകാല ചരിത്രം ഇടതുവലതു മുന്നണികളെ കൊഞ്ഞനം കുത്തുമ്പോള്‍ എല്ലാവരോടും ഒരുപോലെയെന്ന ഒരിക്കലും ചേരാത്ത കുപ്പായം സ്വയം അണിഞ്ഞ് അപഹാസ്യമാകുന്നുണ്ട് ബി.ജെ.പി. നേതൃത്വം നല്കുന്ന എന്‍ഡി.എ. സഖ്യം.

തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയമായി സമീപിക്കുന്നതായിരുന്നു, അടുത്തകാലം വരെയും പ്രബുദ്ധ കേരളത്തിന്റെ പ്രചാരണശൈലി. നേട്ടങ്ങളാഘോഷിച്ച് ഭരണമുന്നണിയും കോട്ടങ്ങളുയര്‍ത്തി പ്രതിപക്ഷവും മുമ്പ് പ്രചാരണത്തെ വികസന രാഷ്ട്രീയത്തിന്റെ വിചാരണ വേദിയാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കാനുള്ള പ്രഥമ കാരണം ജാതിമത സമവാക്യങ്ങളായതോടെ സാമുദായിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാകാതെ രാഷ്ട്രീയ കേരളം തളര്‍ന്നപ്പോള്‍ നഷ്ടപ്പെട്ടത് തെരഞ്ഞെടുപ്പിന്റെ നൈതികതയായിരുന്നു. വിജയ സാധ്യതയെന്നാല്‍ സാമുദായിക പിന്തുണയുടെ പിന്‍ബലമെന്ന പുതിയ രാഷ്ട്രീയം ബഹുസ്വരതയുടെ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നതാണ് വസ്തുതയെങ്കിലും അതിനപ്പുറത്തേക്കിറങ്ങാന്‍ വിപ്ലവ പാര്‍ട്ടികള്‍ പോലും തയ്യാറല്ല. യുഡിഎഫ് കാലത്ത് ഭരണം 'സംശുദ്ധ'മാകാതിരുന്നതിനാല്‍ എല്ലാം 'ശരിയാക്കാ'നായി ഇടതു മുന്നണി എത്തിയെന്ന ജാള്യത മറയ്ക്കാനായി 'സദ്ഭരണ'ത്തിലൂടെ ഐശ്വര്യ കേരള വാഗ്ദാനവുമായാണ് ഇക്കുറി ഐക്യമുന്നണിയുടെ വരവ്. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എവിടെ വരെയെന്ന ചോദ്യത്തെ ഭക്ഷ്യകിറ്റ് നല്കി പിന്തിരിപ്പിക്കുന്നതിലൂടെ തുടര്‍ഭരണം 'ഉറപ്പെന്ന'മട്ടിലാണ് ഇടതു മുന്നണി. അപ്പോഴും, നീതിയുടെ ഉറപ്പൊന്നും കിട്ടാതെ തലമുണ്ഡനം ചെയ്ത് കേരളമാകെ അലയുന്നുണ്ട് വാളയാറില്‍ നിന്നും ഒരമ്മ! അതിനിടയില്‍ ഇന്ധനവില 100 കടക്കുന്നതിന്റെ 'വിജയാ'ഹ്‌ളാദമാണോ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്റെ യാത്രോദ്ദേശ്യമെന്ന ചോദ്യം തികച്ചും രാഷ്ട്രീയമാണ്. പാചകവാതക വില 3 മാസത്തിനിടയില്‍ 225 രൂപയാണ് കൂട്ടിയത്. റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണം അമ്പതുശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര ശുപാര്‍ശ കേരളത്തിന് തിരിച്ചടിയാകുന്നതാണ് മറ്റൊരു 'വിജയ'ഗാഥ! കക്ഷി രാഷ്ട്രീയത്തിനതീതമാണ് സഭയെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും, വിവിധ കക്ഷികളുമായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സജീവമാണ്. നേരിട്ട് പറഞ്ഞും, പിന്തുണ കത്ത് നല്കിയും മുന്‍പെന്നതിനേക്കാള്‍ സഭ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിടപെടുന്നുമുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിയും വിശദീകരിച്ചും ഇക്കുറി ഇടയലേഖനം പൊതുവായുണ്ടാകില്ലെന്നാണ് സൂചന. അപ്പോഴും ചില ചോദ്യങ്ങള്‍ സഭാ നേതൃത്വം രാഷ്ട്രീയകേരളത്തോട് ചോദിക്കാതിരിക്കരുത്.
വികസനമെന്നാല്‍ 10,000 കോടിക്കു മുകളില്‍ മാത്രമെന്ന കോര്‍പ്പറേറ്റ് സങ്കല്പം ആയിരക്കണക്കിന് സാധാരണക്കാരുടെ കിടപ്പാടമൊഴിപ്പിക്കുന്നുണ്ടെന്ന വസ്തുത പാവപ്പെട്ടവരുടെ സഭ, കേരള രാഷ്ട്രീയത്തെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. മൂലമ്പിള്ളി അയ്യമ്പുഴയില്‍ ആവര്‍ത്തിക്കരുതെന്ന് അതിശക്തമായി സഭ ആവശ്യപ്പെടണം.

ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന ഭരണഘടനാ ബാധ്യതയെ നിറവേറ്റുമ്പോഴും അത് ഒരു പ്രത്യേക മതവിഭാഗത്തിനുള്ള പ്രീണനാവസരമായി ഭൂരിപക്ഷ മതവിഭാഗത്തിന് തോന്നാത്തവിധം സാമൂഹ്യ സമതുലിതാസംരക്ഷണത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ലക്ഷീകരിക്കണമെന്ന വസ്തുത പ്രകടന പത്രികകളിലുള്‍പ്പെടുത്താന്‍ സഭ നിര്‍ബന്ധിക്കണം. ഒപ്പം ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ചുകൊണ്ട് സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തണം. മലയോര കര്‍ഷകര്‍ക്കും തീരദേശ നിവാസികള്‍ക്കും ജീവനും ജീവിതവും ഉറപ്പാക്കുന്ന വ്യവസ്ഥകളുടെ സ്ഥിരീകരണം രാഷ്ട്രീയപാര്‍ട്ടികളുടെ മുഖ്യ അജണ്ടയിലുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണം. ഒപ്പം വിവാദകാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും..പ്രശംസയുടെ പ്രാതല്‍ രാഷ്ട്രീയമല്ല, പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പാക്കാന്‍ ശക്തമായ നിലപാടുകളോടെ സഭ സജീവമാകണം. ഏതാനും സീറ്റുകളുടെ നീക്കു പോക്കുകള്‍ക്ക് അപ്പുറമാണ് മതമൈത്രിയും മാനവക്ഷേമവുമെന്ന് രാഷ്ട്രീയ കേരളത്തെ സ്വന്തം സുതാര്യതാ ശൈലിയിലൂടെ ഓര്‍മ്മിപ്പിക്കണം. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് കൂടുതലായി തിരികെയെത്താന്‍ നമുക്കിടയാകേണ്ടതുണ്ട്.'

Related Post

ചൈനക്കാര്‍ക്ക് ഡിംസം ബോണ്ട്, ജപ്പാന് സമുറായി, ഇന്ത്യയ്ക്ക് മസാല

Posted by - May 28, 2019, 11:03 pm IST 0
നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വിദേശത്ത്ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ളബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ആദ്യമായി…

സ്വപ്നതുല്യനേട്ടത്തില്‍ ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; ഇത് നരേന്ദ്ര മോദിയുടെ ചരിത്രവിജയം  

Posted by - May 23, 2019, 03:25 pm IST 0
ന്യൂഡല്‍ഹി: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായി. 350 എന്ന സ്വപ്നതുല്യ നേട്ടത്തിലേക്ക് എന്‍ ഡി എ. ബിജെപി കഴിഞ്ഞ തവണ നേടിയതിനെക്കള്‍ സീറ്റോടെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് .എല്ലാ വിമര്‍ശനങ്ങള്‍ക്കുമപ്പുറം…

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST 0
തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

സിപിഎമ്മും ബിജെപിയുമായി ഡീല്‍; കേരള നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബാലശങ്കര്‍  

Posted by - Mar 16, 2021, 10:47 am IST 0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക്…

വിപണിയില്‍ വാഴുന്നത് വ്യാജവെളിച്ചെണ്ണ; വഴുതിവീഴുന്നത് സാധാരണക്കാര്‍  

Posted by - May 13, 2019, 10:42 am IST 0
പുവാര്‍: നാളികേരത്തിന് വില കുതിച്ചുയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിപണനവും വിപണിയില്‍ പൊടി പൊടിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ…

Leave a comment