സ്വപ്നതുല്യനേട്ടത്തില്‍ ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; ഇത് നരേന്ദ്ര മോദിയുടെ ചരിത്രവിജയം  

197 0

ന്യൂഡല്‍ഹി: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായി. 350 എന്ന സ്വപ്നതുല്യ നേട്ടത്തിലേക്ക് എന്‍ ഡി എ. ബിജെപി കഴിഞ്ഞ തവണ നേടിയതിനെക്കള്‍ സീറ്റോടെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് .എല്ലാ വിമര്‍ശനങ്ങള്‍ക്കുമപ്പുറം ഇത് നരേന്ദ്ര മോദിയുടെ വിജയം .ഒപ്പം അണിയറയില്‍ തന്ത്രം മെനഞ്ഞ അമിത് ഷായുടെയും .ഇന്ദിരാഗാന്ധിയുടെ വധം സൃഷ്ടിച്ച സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് നേടിയ അസാധാരണ വിജയം ഒഴിച്ചാല്‍ ഇത് ചരിത്രം .

ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകളെ കടത്തിവെട്ടുന്ന മിന്നുന്ന വിജയം നേടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം എന്‍ഡിഎ 347 സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 294 സീറ്റുകളാണ് ബിജെപി സ്വന്തം നിലയ്ക്ക് നേടിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ,93 സീറ്റുകളിലേക്കൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സംഭാവന 51 സീറ്റ്.

കേരളവും തമിഴ്‌നാടും പഞ്ചാബും ഒഴിച്ച് രാജ്യമാകെ ബിജെപി ആധിപത്യം തന്നെ തെളിയിച്ചു .യു പിയില്‍ അധിക പരിക്കുപറ്റിയില്ല .മധ്യ പ്രദേശും രാജസ്ഥാനും ഗുജറാത്തും തൂത്തുവാരി .പശ്ചിമ ബംഗാളിലും ഒറീസയിലും വലിയ മുന്നേറ്റം നടത്തി .ബീഹാറിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒട്ടും പിന്നോട്ടു പോയില്ല .രാജ്യത്തിന്റെയാകെ സമ്മതി നേടി നരേന്ദ്ര മോദി അധികാരത്തിലേക്ക് .നെഹ്‌റുവിനു ശേഷം കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചു വരുന്ന പ്രധാന മന്ത്രിയെന്ന ബഹുമതിയും ഇനി നരേന്ദ്ര മോദിക്ക്.

കോണ്‍ഗ്രസ് സര്‍ക്കാരുള്ള രാജസ്ഥാനും മധ്യപ്രദേശുമടക്കം പാര്‍ട്ടിയെ കൈവിട്ടപ്പോള്‍ രാഹുല്‍ ഗാന്ധിക്കും കൂട്ടര്‍ക്കും ആശ്വാസമായത് കേരളത്തില്‍ നിന്ന് ലഭിച്ച 19 സീറ്റുകള്‍. 561399വോട്ട് നേടി രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ നിന്ന് വിജയിച്ചു കയറി. ഡിഎംകെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ യുപിഎ സഖ്യം 38 സീറ്റുകള്‍ നേടി.

ബിജെപിയെ നേരിടാന്‍ മഹാസഖ്യവുമായി രംഗത്തെത്തിയ മായാവതിക്കും അഖിലേഷ് യാദവിനും യുപിയില്‍ കാലിടറി. സഖ്യം ലീഡ് ചെയ്യുന്നത് 19 സീറ്റുകളിലാണ്. ബിജെപി 60 സീറ്റുകള്‍ നേടിയപ്പോള്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വ്യക്തമായ ലീഡുള്ളത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ അദ്ദേഹം സ്മൃതി  ഇറാനിയോട് പരാജയപ്പെട്ടു.

ആര്‍ജെഡിയോടൊപ്പം സഖ്യം രൂപീകരിച്ച് മത്സരിച്ച ബിഹാറിലും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു ഫലം. ജെഡിയു-ബിജെപി സഖ്യം38 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം വെറും രണ്ടു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

2018ല്‍ അധികാരം പിടിച്ചെടുത്ത മധ്യപ്രദേശാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ പ്രഹരം നല്‍കിയ സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടത്. 29 സീറ്റുകളുള്ള സംസ്ഥാനത്ത് 28 സീറ്റും എന്‍ഡിഎ നേടിയപ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കുന്നത്.

2014ലെ തനിയാവര്‍ത്തനമായി രാജസ്ഥാനിലെ മുഴുവന്‍ സീറ്റും ഇത്തവണവും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശിനൊപ്പം സംസ്ഥാന ഭരണം പിടിച്ചെടുത്ത രാജസ്ഥാനിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. കര്‍ഷക പ്രക്ഷോഭങ്ങള്‍ വോട്ടായി മാറുമെന്ന രാഹുലിന്റെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിക്കുന്നതാണ് രാജസ്ഥാനിലെ ജനവിധി.

മഹാരാഷ്ട്രയില്‍ 48ല്‍ 46സീറ്റും എന്‍ഡിഎ പിടിച്ചെടുത്തു. ശരദ് പവാറിന്റെ എന്‍സിപിയുമായി ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് അവിടെയും ദയനീയമായി പരാജയപ്പെട്ടു. ഒരുസീറ്റിലാണ് കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത്.

പഞ്ചാബാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന സംസ്ഥനങ്ങളിലൊന്ന്. 13 സീറ്റുകളില്‍ 9എണ്ണത്തിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കി മത്സരിച്ച ബിജെപി 3എണ്ണത്തിലൊതുങ്ങി. എഎപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഹരിയാനയില്‍ പത്തില്‍ പത്തു സീറ്റും നേടിയാണ് ബിജെപി അധികാര തുടര്‍ച്ചക്കെത്തുന്നത്. 2014ല്‍ എട്ടുസീറ്റുകളിലായിരുന്നു ഇവിടെ ബിജെപി വിജയിച്ചത്.

പതിനാല് സീറ്റുകളുള്ള ഝാര്‍ഖണ്ഡില്‍ 13എണ്ണവും എന്‍ഡിഎ തൂത്തുവാരി. ഒരു സീറ്റാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 12 സീറ്റുകളാണ് ബിജെപി നേടിയത്. ഇത്തവണ ഝാര്‍ഖണ്ഡ് മുതക്തിമോര്‍ച്ചയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു.

രാജസ്ഥാനും മധ്യപ്രദേശിനുമൊപ്പം അധികാരം പിടിച്ച ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് കാലിടറി. 11 സീറ്റില്‍ നേടാനായത് ഒരേയൊരെണ്ണം. ബാക്കി പത്തെണ്ണവും ബിജെപിക്കൊപ്പം പോയി.

എഎപിയും കോണ്‍ഗ്രസും ഒരിപോലെ എതിര്‍ത്ത രാജ്യ തലസ്ഥാനത്ത് ഏഴില്‍ ഏഴും നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. കോണ്‍ഗ്രസ്-എഎപി തര്‍ക്കവും മോദി തരംഗവും സമാസമം വന്നപ്പോള്‍ ബിജെപിക്ക് അനായാസ വിജയം. കോണ്‍ഗ്രസിനൊപ്പം അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കും സംപൂജ്യരാകേണ്ടി വന്നു.

ഗുജറാത്ത് ഇത്തവണയും ബിജെപിക്കൊപ്പം നിന്നു. 26ല്‍ 26ഉം മോദി തരംഗത്തില്‍ ഒപ്പംപോന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിക്കാന്‍ സാധിച്ച ആത്മവിശ്വാസത്തിലിറങ്ങിയെങ്കിലും കോണ്‍ഗ്രസിന് ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ഗാന്ധി നഗറില്‍ നിന്ന് മത്സരിച്ച അമിത് ഷാ 3,52,099വോട്ട് നേടി മുന്നേറ്റം തുടരുകയാണ്.

ഇടതുപക്ഷം കാഴ്ചക്കാര്‍ മാത്രമായിപ്പോയ ബംഗാളില്‍ ടിഎംസിയുമായുള്ള പോരാട്ടത്തില്‍ ബിജെപി 18 സീറ്റുകള്‍ പിടിച്ചു. ടിഎംസി22 സീറ്റ് പിടിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡില്‍ 2014ലെ തനിയാവര്‍ത്തനമായി അഞ്ചില്‍ അഞ്ച് സീറ്റും ബിജെപിക്കൊപ്പം നിന്നു. ഹിമാചലിലും നാല്‍ നാല് സീറ്റും ബിജെപി സ്വന്തമാക്കി. രാഷ്ട്രീയ നാടകങ്ങള്‍ അന്ത്യമാകാത്ത കര്‍ണാടകയില്‍ ബിജെപി 23 സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നാല് സീറ്റിലൊതുങ്ങി. തുടക്കംമുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച ഒഡീഷയിലും ബിജെപിക്ക് കനത്ത വിജയം നേടാന്‍ സാധിച്ചു. ബിജെഡിയെ നിഷ്പ്രഭരാക്കി 14 സീറ്റുകള്‍ നേടി. ബിജെഡി 6ലും കോണ്‍ഗ്രസ് ഒരുസീറ്റിലും ഒതുങ്ങി.

ദക്ഷിണേന്ത്യ പിടിക്കാനിറങ്ങിയ ബിജെപിക്ക് കര്‍ണാടകയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ സംസ്ഥാനം തെലങ്കാനയാണ്. ഇവിടെ കോണ്‍ഗ്രസിനും ബിജെപിക്കും അഞ്ച് സീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ടിആര്‍എസ് ഏഴ് സീറ്റ് നേടി. വൈഎസ്ആര്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റും തൂത്തുവാരിയ ആന്ധ്രയില്‍ ചന്ദ്രാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും ബിജെപിയും സംപൂജ്യരായി. 25 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് തൂത്തുവാരി.

ബിജെപിയെ ഒഴിച്ചുനിര്‍ത്തി കോണ്‍ഗ്രസിന് വലിയ വിജയം നല്‍കിയ സംസ്ഥാനം, 19 സീറ്റുകള്‍ യുഡിഎഫിന് നല്‍കിയപ്പോള്‍ ഒരു സീറ്റാണ് എല്‍ഡിഎഫിന് നല്‍കിയത്. മോദി വിരുദ്ധ വികാരവും ശബരിമല വികാരവും ഒരിപോലെ കത്തി നിന്നപ്പോള്‍ തിരിച്ചടിയായത് ഇടത് പാര്‍ട്ടികള്‍ക്ക്. ചരിത്രത്തിലെ നാണംകെട്ട തോല്‍വിയിലേക്ക് സിപിഎം കൂപ്പുകുത്തി.

എഐഎഡിഎംകെയോടൊപ്പം ചേര്‍ന്ന് തമിഴ്മണ്ണ് പിടിക്കാനിറിങ്ങിയ ബിജെപിക്ക് പക്ഷേ, തിരിച്ചടി കിട്ടി. ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യം 35 സീറ്റുകള്‍ നേടിയപ്പോള്‍ എഐഎഡിഎംകെ-ബിജെപി സഖ്യം മൂന്നു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

അസമില്‍ എട്ടിടത്ത് ബിജെപി ലീഡ് ചെയ്യുമ്പോള്‍ മൂന്നിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. മൂന്നിടത്ത് പ്രാദേശിക പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. മണിപ്പൂരില്‍ രണ്ട് സീറ്റും എന്‍ഡിഎ ലീഡ് ചെയ്യുന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. നാഗാലാന്റില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയപ്പോള്‍ ബിജെപി സംപൂജ്യമായി. മിസോറാമില്‍ മിസോ നാഷ്ണല്‍ ഫ്രണ്ട് ഒരു സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും പുറത്തായി. സിക്കിമില്‍ എസ്‌കെഎമ്മാണ് വിജയിച്ചത്. തൃപുരയില്‍ രണ്ട് സീറ്റും ബിജെപി നേടി. ജമ്മു കശ്മീരില്‍ കശ്മീര്‍ മേഖലയിലെ മൂന്നിടങ്ങളില്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് വിജയിച്ചു. ജമ്മു മേഖലയില്‍ മൂന്നിടങ്ങളില്‍ ബിജെപിയും വിജയിച്ചു.

Related Post

മണ്ഡലകാലത്ത്‌  നിലക്കല്‍, പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി

Posted by - Nov 13, 2019, 04:55 pm IST 0
പത്തനംതിട്ട: ശബരിമല നട മണ്ഡലകാല പൂജകൾക്കായി നവംബർ 16ന് തുറക്കും. മണ്ഡലകാലത്തുള്ള  കെഎസ്ആർടിസി സർവീസ്  നിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലക്കല്‍…

ഭക്ഷണോത്പന്നങ്ങളില്‍ കൃത്രിമ കളറുകള്‍; മലയാളിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 13, 2019, 10:56 am IST 0
തലശ്ശേരി: കേരളീയരുടെ തീന്‍മേശകളിലെത്തുന്ന ഭക്ഷണസാധനങ്ങളില്‍ ഭൂരിഭാഗവും കൃത്രിമ കളര്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുളളവയാണെന്ന് റിപ്പോര്‍ട്ട്. കറികളിലും മറ്റും ചേര്‍ക്കുന്ന ജീരകം മുതല്‍ മിക്ക പലവ്യഞ്ജനങ്ങളിലും കൃത്രിമ കളര്‍…

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST 0
തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി  

Posted by - May 22, 2019, 06:48 pm IST 0
തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം…

വിപണിയില്‍ വാഴുന്നത് വ്യാജവെളിച്ചെണ്ണ; വഴുതിവീഴുന്നത് സാധാരണക്കാര്‍  

Posted by - May 13, 2019, 10:42 am IST 0
പുവാര്‍: നാളികേരത്തിന് വില കുതിച്ചുയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിപണനവും വിപണിയില്‍ പൊടി പൊടിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ…

Leave a comment