കാശി എന്ന മഹാശ്മശാനം
ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍ എന്ന നിലയ്ക്കാണ് കാശിയെ ലോകം ഇന്നും പരിഗണിച്ചുപോരുന്നത്. എതുകാലത്തിലാണത് സ്ഥാപിച്ചതെന്നതിനെപ്പറ്റി എവിടെയും വ്യക്തമായ തെളിവുകളില്ല. അത് കാലാതീതമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അറിവിന്റെ അഥവാ പഠനത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയ്കാണത് നിര്‍മ്മിച്ചതത്രേ! ആ നഗരമാകെ ഒരു പ്രത്യേക രീതിയിലും ആകൃതിയിലുമാണ് നിര്‍മിച്ചിരിക്കുന്നത് എന്നത് സവിശേഷതയര്‍ഹിക്കുന്നു. ഏതൊരുവനും ഇതിന്‍റെ അന്തര്‍ഗൃഹത്തിലെത്തിച്ചേരാന്‍ അടുക്കുകള്‍ അല്ലെങ്കില്‍ പാളികളായി നിര്‍മിച്ചിരിക്കുന്ന ഇതിന്റെ ഏഴ് കവാടങ്ങള്‍ കടന്നുപോകണം. ബോധോദയം ലഭിക്കാനുതകുന്ന രിതിയിലാണ് നഗരത്തിന്റെ നിര്‍മ്മാണം. എന്നുവച്ചാല്‍ അകത്ത് പ്രവേശിക്കേണ്ട ഒരാള്‍ എഴു കടമ്പകളും കടന്ന്‍ മണികര്‍ണികയില്‍ ചെന്നത്തുമ്പോഴേക്കും, അയാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ ന്നിരിക്കും. അതുകൊണ്ടുതന്നെ ഭൌതിക ശരീരം ഇവിടെ ഉപേക്ഷിക്കുന്നതിന് മുന്‍പുതന്നെ അയാള്‍ പഞ്ചഭുതങ്ങള്‍ക്കും ഉപരിയായി ഉയര്‍ന്നിട്ടുണ്ടാവും.
ഈ നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടി മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അത്രക്ക് ശക്തിയേറിയതും ഊര്‍ജ്ജപൂരിതവുമായിരുന്നു ആ പ്രദേശം. സര്‍വോപരി നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് കാശിവിശ്വനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെയേറെ കാലങ്ങള്‍ക്കുമുന്‍പു തന്നെ അതു ഭാഗികമായി നശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദിയോഗിയാല്‍ത്തന്നെ (പരമശിവനാല്‍) പവിത്രീകരിക്കപ്പെട്ടതായും വിശ്വസിച്ചു പോരുന്നു.
വലിയ സ്മശാനം എന്നര്‍ത്ഥം വരുന്ന ‘മഹാസ്മശാനം’ എന്ന പദം കാശിയുടെ മറ്റൊരു നാമധേയമാണ്. കാശിയുടെ മര്‍മ്മസ്ഥാനമാണ് ‘മണികര്‍ണിക’, ഇവിടെ സദാസമയവും ഒരു ശവമെങ്കിലും കത്തി എരിയുന്നുണ്ടാകും. ഇതില്‍നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം, കാശിയില്‍ വച്ച് മരിയ്ക്കുന്നവര്‍ക്കും അല്ലെങ്കില്‍ അവിടെ ദഹിപ്പിക്കപ്പെടുന്നവര്‍ക്കും സാക്ഷാത്ക്കാരത്തിന് അനുയോജ്യമായ ഒരന്തരീക്ഷം അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ്. അതിനുള്ള കാരണം ജീവിതത്തിന്‍റെ അന്ത്യഘട്ടത്തില്‍ കാശിയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞാല്‍, ഭുതതത്വങ്ങല്‍ക്കുപരിയായി അതിനുയരാന്‍ കഴിയും എന്നുള്ള അഘാതമായ വിശ്വാസമായിരുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, പഞ്ചഭുതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ഭൌതികശരീരത്തിന്, ആത്മീയ ശരീരത്തിനും ഉപരിയായിട്ടുയരാനുള്ള ഒരു ഉപാധിയാണ് ഈ സ്മശാനദഹനം എന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. ഈ ഏഴ് പാളികളിലൂടെയും കടന്നുപോകുന്ന ഏതോരാളും പഞ്ചഭൂതങ്ങള്‍ക്കും ഉപരിയായി ഉയര്‍ത്തപ്പെട്ടിട്ടുണ്ടാകും.
മരണശയ്യയില്‍ എത്തിക്കഴിഞ്ഞാല്‍, മരണം വരെ കാശിയില്‍പോയി താമസിച്ച്, മണികര്‍ണികയില്‍ ദഹനവും കഴിഞ്ഞ്, അവിടെത്തന്നെ മരണാനന്തരകര്‍മ്മങ്ങളും നടത്തി സായൂജ്യമടയുക എന്ന അന്ത്യാഭിലാഷവുമായി കഴിയുന്ന എത്രയോ ആള്‍ക്കാര്‍ ഈ ഭൂമണ്ഡലത്തിലിപ്പോഴുമുണ്ട്. ആ അഭിലാഷം സഫലീകരിച്ചുകൊടുക്കാന്‍ പല സന്നദ്ധ സംഘടനകളും കാശിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. താമസിക്കാനുള്ള സൌകര്യങ്ങളും, രണ്ടു നേരത്തെ ഭക്ഷണവും, മരണം കാത്തു കിടക്കുന്ന ആള്‍ക്ക് സൌജന്യമായോ, തുച്ഛമായ ചിലവിലോ ചെയ്തു കൊടുക്കും. ഇതിലെല്ലാം പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു. ആ വിധമുള്ള ചടങ്ങുകളെല്ലാം കേവലം ഒരു പ്രക്രിയ മാത്രമായി ഇന്നവശേഷിക്കുന്നു. പുരാതനകാലത്ത് ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു സജീവ പദ്ധതി തന്നെ ഉണ്ടായിരുന്നു. ജനനം മുതല്‍ മരണം വരെ കണ്ടുവന്നിരുന്ന ജീവിതത്തിലെ എല്ലാ പ്രവൃത്തികളും, അതുപോലെ തന്നെ, ചെയ്തിരുന്ന എല്ലാ പ്രവൃത്തികളും, ആത്മസാക്ഷാത്ക്കാരത്തിനുതകുന്ന രീതിയിലായിരുന്നു. പഠനം, വിവാഹം, നിത്യകര്‍മ്മങ്ങള്‍, എല്ലാം തന്നെ ആ ഒരുദ്ദേശത്തോടുകൂടിയായിരുന്നു.
അതിനനുസൃതമായി ആത്മസാക്ഷാത്ക്കാരം നേടുവാനുള്ള ഒരുപാധി അഥവാ ഒരുപകരണമായിട്ടാണ് കാശി നഗരം പണികഴിപ്പിച്ചിട്ടുള്ളത്. നേരത്തേ പറഞ്ഞല്ലോ, ഏഴുപാളികളും കടന്ന്‍ മണികര്‍ണികയില്‍ എത്തുമ്പോഴേക്കും ഒരാള്‍ ആത്മസാക്ഷാത്ക്കാരം നേടിയവനായിത്തീര്‍ന്നിരിക്കും. അങ്ങനെ ഇന്നും സംഭവിച്ചു കൂടായ്കയില്ല. അത്രയും പവിത്രമാണ് കാശി എന്ന വാരണാസി.