കൊട്ടിയൂർ ക്ഷേത്രം

187 0

ദക്ഷിണഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്, ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 108 ശിവാലയങ്ങളിൽ ഉൾപ്പെട്ട ഒരു പ്രധാനക്ഷേത്രമാണ്. തലശ്ശേരി  നഗരത്തിൽ നിന്നും ഏകദേശം 65 കി.മീ ദൂരെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രിയുടെ വടക്ക് പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിച്ച് പുണ്യനദിയായി ഒഴുകിയെത്തുന്ന ബാവലിപ്പുഴയുടെ ഇരുകരകളിലുമായി രണ്ടു ക്ഷേത്രസ്ഥാനങ്ങളാണുള്ളത്.ഈ പുണ്യസങ്കേതങ്ങളെ ഇക്കരെ കൊട്ടിയൂർ എന്നും, അക്കരെ കൊട്ടിയൂർ എന്നും അറിയപ്പെടുന്നു.

ഹരിതവനങ്ങളാലും, കാട്ടുചോലകളാലും നിബിഡമായ ഈ പുണ്യ സങ്കേതത്തിൽ വാവലിയാറിന്റെ വടക്കുഭാഗത്തായി അക്കരെ കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചുറ്റിലും വെള്ളം നിറഞ്ഞു നിൽക്കുന്ന, "തിരുവഞ്ചിറ എന്ന ജലാശയത്തിന്റെ നടുവിലായിട്ടാണ് കാട്ടുകല്ലുകൾ കൊണ്ട് കെട്ടിയുയർത്തിയ ചൈതന്യ സ്ഥാനമായ 'മണിത്തറ '. ഈ മണിത്തറയിൽ ശ്രീ പരമേശ്വരന്റെ സ്വയംഭൂ ലിംഗം കുടികൊള്ളുന്നു. രണ്ടാമതായി കാണപ്പെടുന്നത് സാക്ഷാൽ പരാശക്തിയുടെ 'അമ്മാ റക്കൽതറ'യാണ്. അമ്മ മറഞ്ഞ സ്ഥലം ലോപിച്ച് അമ്മാറക്കൽ ആയതെന്ന് ഐതിഹ്യം. ഇപ്രകാരം ശിവനും, ശക്തിയും ആണ് ഇവിടുത്തെ പ്രധാന ആരാധ്യദേവതകൾ.

ഇടവമാസത്തിലെ ചോതി നാൾ മുതൽ മിഥുനമാസത്തിലെ ചിത്ര നാൾ വരെയുള്ള 28 ദിവസം മാത്രമെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടക്കാറുള്ളൂ. ഈ കാലയളവിനെയാണ്, 'വൈശാഖമഹോത്സവം' എന്ന പേരിൽ അറിയപ്പെടുന്നത്. ഉത്സവ വേളയല്ലാത്ത ബാക്കി പതിനൊന്ന് മാസവും അക്കരെ ക്ഷേത്രത്തിൽ മനുഷ്യർക്ക് പ്രവേശനമില്ല. ഈ സമയത്ത് അവിടെ ദേവപൂജയാണ് നടക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ അക്കരെ ക്ഷേത്രത്തിൽ വൈശാഖോൽസവം നടക്കുന്ന ഒരു മാസം ഇക്കരെ ക്ഷേത്രത്തിൽ നിത്യപൂജ നടക്കാറില്ല. ഇവിടുത്തെ ബലി ബിംബങ്ങൾ അക്കരെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് അവിടെ വെച്ചാണ് ആ സമയത്ത് പൂജ നടക്കാറുള്ളത്. ഉത്സവം കഴിഞ്ഞുള്ള ബാക്കി പതിനൊന്നു മാസവും ഇക്കരെ ക്ഷേത്രത്തിൽ നിത്യപൂജ ഉണ്ടാകും.

ആചരണങ്ങളിലും, അനുഷ്ഠാനങ്ങളിലും ഇതര ക്ഷേത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു രീതിയാണ് ഇവിടെ കാണപ്പെടുന്നത്. പ്രാചീനമായ കീഴ്‌വഴക്കങ്ങളും, സമ്പ്രദായങ്ങളും അതേപടി നിലനിർത്തിക്കൊണ്ട്, തനിമ ഒട്ടും ചോർന്നു പോകാതെ തന്നെയാണ് ഇവിടെ ഇപ്പോഴും വൈശാഖോൽസവം കൊണ്ടാടുന്നത്.

ക്ഷേത്രം എന്നു പറഞ്ഞാലും ഇവിടെ ചുറ്റമ്പലമോ, മന്ദിരങ്ങളോ, സ്ഥിരമായ നിർമ്മിതികളോ ഒന്നും തന്നെ കാണപ്പെടുന്നില്ല. യാഗശാലകളെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള താൽക്കാലിക ഷെഡുകൾ ഉത്സവകാലത്ത് കെട്ടിയുയർത്തുകയാണ് ചെയ്യുന്നത്. ഞെട്ടിപനയോല, തെങ്ങോല മുതലായ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പർണ്ണശാലകളെ കയ്യാലകൾ, എന്ന് അറിയപ്പെടുന്നു. സ്വയംഭൂലിംഗം കുടികൊള്ളുന്ന മണിത്തറക്ക് മുകളിലും ഈ വിധത്തിലുള്ള താൽക്കാലിക നിർമ്മിതിയാണുള്ളത്. ഉത്സവശേഷം ഇവയൊക്ക നിശ്ശേഷം മാറ്റുകയും ചെയ്യുന്നു.

ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യ സങ്കേതത്തിൽ ഒരു ക്ഷേത്രം പണിയുകയാണെങ്കിൽ, ശ്രീകോവിലിന് നാലു കാതവും, നാലമ്പലത്തിന് പന്ത്രണ്ട് കാതവും, ചുറ്റമ്പലത്തിനു് അൻപത്തിരണ്ട് കാതവും ചുറ്റളവ് വേണമെന്നാണ് കണക്ക്. ഇത്രയും വിശാലമായ ഭൗതിക ഘടനയോടുകൂടി ക്ഷേത്ര നിർമ്മാണം സാധ്യമല്ലാത്തതിനാലാണത്രെ ഇവിടെ ക്ഷേത്ര കെട്ടിടമില്ലാത്തതെന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രാഹ്മണാചാരപ്രകാരമുളള ചടങ്ങുകൾ ആണ് ഇവിടെ നടക്കുന്നതെങ്കിലും വിവിധ വിഭാഗങ്ങളിൽപ്പെട്ട അറുപത്തിനാലോളം അവകാശി കുടുംബങ്ങൾ ആണ് ഉൽസവ കാര്യത്തിന് വേണ്ടതെല്ലാം ഒരുക്കുന്നത്. പ്രാക്കൂഴം, നീരെഴുന്നള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നള്ളത്ത്, ഇളനീർവെയ്പ്, ഇളനീരാട്ടം, ആലിംഗന – പുഷ്പാഞ്ജലി,

തൃക്കൂർ അരിയളവ്, കലം വരവ്, കലപൂജ, തൃക്കലശാട്ട് ഇങ്ങിനെയുള്ള വിവിധങ്ങളായ ചടങ്ങുകൾ ഇവിടെ നടക്കുന്നു. ആനപ്പുറത്തുള്ള ശീവേലി എഴുന്നള്ളത്ത് കൂടാതെപാണി കൊട്ട്, പാഠകം, കൂത്ത് മുതലായ ക്ഷേത്ര കലാരൂപങ്ങളും ഉത്സവസമയത്ത് പതിവാണ്.

യുഗാന്തരങ്ങൾക്കപ്പുറത്ത്‌ ദക്ഷപ്രജാപതി ഒരു യാഗം നടത്തുകയുണ്ടായി. ഭൃഗു, ദധീചി മുതലായ മുനിവര്യൻമാരുടെയും, ദേവീ ദേവൻമാരുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു ആ യാഗം നടന്നത്. എന്നാൽ ദക്ഷൻ സ്വന്തം മകളായ സതീദേവിയേയും, ഭർത്താവായ സാക്ഷാൽ ശ്രീ പരമേശ്വരനേയും തന്റെ യാഗത്തിന് ക്ഷണിച്ചിരുന്നില്ല. മുൻപ് സ്വർഗ്ഗ ലോകത്ത് വെച്ച് നടന്ന ഒരു യാഗത്തിന്, യാഗ യജമാനനായ ദക്ഷ പ്രജാപതി യാഗശാലയിലേക്ക് പ്രവേശിച്ച സമയത്ത് ബ്രഹ്മദേവനും, പരമശിവനും അദ്ദേഹത്തെ എഴുന്നേറ്റുനിന്നു വന്ദിച്ചില്ല. മകളുടെ ഭർത്താവായ ശിവൻ തന്നെ മനഃപൂർവ്വം അപമാനിച്ചതാണെന്ന് ധരിച്ച ദക്ഷൻ പരമേശ്വരനെ അപമാനിക്കാനുള്ള ഒരു അവസരം കാത്തിരിക്കുകയായിരുന്നു. അതിൻ പ്രകാരമാണു് താൻ നടത്തുന്ന യാഗത്തിന് ശിവനേയും, സതിയേയും മാത്രം ക്ഷണിക്കാതിരുന്നത്.

തന്റെ പിതാവ് നടത്തുന്ന യാഗം നാരദമുനിയിൽ നിന്നും കേട്ടറിഞ്ഞ സതീദേവിക്ക് യാഗത്തിൽ പങ്കെടുക്കാൻ ആഗ്രഹം തോന്നി. അവിടെപ്പോയാൽ അപമാനിതയാകും എന്ന ശിവന്റെ വാക്ക് ദേവിയെ വിഷമത്തിലാക്കി. മനസ്സില്ലാ മനസ്സോടെ ശിവൻ ദേവിക്ക് പോകാൻ അനുമതി നൽകി. അപമാനിതയായാൽ തിരിച്ചു വരരുത് എന്ന താക്കീതും കൊടുത്തു. ഉത്സാഹത്തോടെ  യാഗശാലയിലെത്തിയ സതീദേവിയെ ദക്ഷൻ അപമാനിക്കുകയും ദു:ഖം സഹിക്കാനാവാതെ സതി  ആ യാഗാഗ്നിയിൽചാടി ആത്മാഹുതി നടത്തുകയും ചെയ്തു.ഇതറിഞ്ഞ് ക്രുദ്ധനായ ശിവൻ തന്റെ ഭൂതഗണങ്ങളെയും, സ്വന്തം ജടയിൽ നിന്നും ഉത്ഭവിച്ച വീരഭദ്രനെയും, തൃക്കണ്ണിലെ അഗ്നിയിൽ നിന്നുത്ഭവിച്ച ഭദ്രകാളിയേയും യാഗസ്ഥലത്തേക്ക് പറഞ്ഞയച്ചു. യാഗശാലയിലെത്തിയ ഇവർ യാഗശാല തകർത്തു തരിപ്പണമാക്കി, കൂട്ടക്കുരുതി തന്നെ നടത്തി. എതിരിടാനെത്തിയ ഭൃഗുമനിയുടെ താടിയും, മുടിയും, പിഴുതെറിഞ്ഞു. ഓടി രക്ഷപ്പെടാനൊരുങ്ങിയ ദക്ഷന്റെ ശിരസ്സറുത്ത് വീരഭദ്രൻ ഹോമകുണ്ഠത്തിലെറിഞ്ഞു.

യാഗം മുടങ്ങിയാൽ ലോക നാശം സംഭവിക്കുമെന്ന് ഭയന്ന ദേവകൾ ബ്രഹ്മാവിനോടു കൂടി മഹാവിഷ്ണുവിനെ സമീപിച്ച് ശിവന്റെ കോപം ശമിപ്പിക്കാനും, ദക്ഷന് ജീവൻ തിരിച്ചുനൽകി  യാഗം പൂർത്തിയാക്കാനും അപേക്ഷിച്ചു. മഹാവിഷ്ണു ശിവസന്നിധിയിലെത്തി ശിവകോപത്തെ തണുപ്പിക്കുകയും, സാന്ത്വനിപ്പിക്കുകയും ചെയ്തു. മനമലിഞ്ഞ ദക്ഷിണാമൂർത്തി യാഗം തുടരാൻ അനുമതി നൽകുകയും ദക്ഷന് യജ്ഞമൃഗമായിരുന്ന ആടിന്റെ ശിരസ്സു വെച്ച് ജീവൻ കൊടുക്കുകയും ചെയ്തു. ത്രിമൂർത്തികളുടെ സാന്നിദ്ധ്യത്തിൽ യാഗം ഭംഗിയായി പൂർത്തീകരിച്ചു.

ദക്ഷയാഗം കഴിഞ്ഞ് യുഗങ്ങൾക്ക് ശേഷം കേരള ഭൂമി പരശുരാമൻ വീണ്ടെടുത്തു സഹ്യപർവ്വതപാർശ്വത്തിലൂടെ നടക്കുകയായിരുന്ന പരശുരാമനെ, അട്ടഹസിച്ചെത്തിയ കലി  പിടികൂടാൻ ഒരുമ്പെട്ടു. പരശുരാമൻ കലിയെ ബന്ധനസ്ഥനാക്കി പ്രഹരിച്ചു. കലിയെ, പരശുരാമൻ കൊന്നുകളഞ്ഞേക്കുമോ എന്ന് ഭയപ്പെട്ട ത്രിമൂർത്തികൾ അവിടെ എത്തി, കലിയെ മോചിപ്പിക്കാനാവശ്യപ്പെട്ടു. താൻ വീണ്ടെടുത്ത കേരളക്കരയിൽ കലിബാധയുണ്ടാകില്ലെന്ന് ഉറപ്പു നൽകിയാൽ കലിയെ വിട്ടയക്കാമെന്ന് പരശുരാമൻ ത്രിമൂർത്തികളെ അറിയിച്ചു. ഈ ഭൂമിയിൽ എല്ലാ വർഷവും വൈശാഖ മഹോത്സവം കൊണ്ടാടിയാൽ കലിബാധ ഉണ്ടാകില്ലെന്ന് ത്രിമൂർത്തികളും ഉറപ്പുകൊടുത്തു. ഈ വ്യവസ്ഥ പരശുരാമൻ അംഗീകരിക്കുകയും ചെയ്തു. ഇങ്ങിനെയാണ് വൈശാഖ മഹോൽസവത്തിന് തുടക്കം കുറിച്ചത്. കാലം കഴിഞ്ഞപ്പോൾ കൊട്ടിയൂരിന്റെ ധന്യതയും, കേരളത്തിന്റെ ഐശ്വര്യവും പരശുരാമവിദ്വേഷിയായ വിശ്വാമിത്രനെ ചൊടിപ്പിക്കുകയും, അദ്ദേഹം ദുർവ്വാസാവിന്റെ സഹായത്താൽ കാലക്രമേണ വൈശാഖമഹോത്സവം നിർത്തലാക്കുകയും ചെയ്തുവത്രെ.!

വളരെക്കാലം കാടുമൂടിക്കിടന്ന ഈ വനഭൂമിയിൽ ഒരു കുറിച്യ യുവാവ് വേട്ടയാടാനായി എത്തിച്ചേർന്നു. തന്റെ അമ്പ് മൂർച്ച വരുത്താനായി ഒരു കാട്ടുകല്ലിൽ ഉരച്ചു നോക്കി. പെട്ടന്ന് കല്ലിൽ നിന്നും നിൽക്കാത്ത രക്തപ്രവാഹം! ഇതു കണ്ട് അമ്പരന്ന കുറിച്യയുവാവ് പിടഞ്ഞിറ്റ നമ്പൂതിരി എന്ന മഹാ ബ്രാഹ്മണനെ വിവരമറിയിച്ചു. പിന്നീട് കോട്ടയം തമ്പുരാൻ എന്ന രാജാവിനെയും, മണത്തണയിലെ അഞ്ചു നായർ തറവാടിലെ  കാരണവന്മാരെയും വിവരമറിയിച്ചു – എല്ലാവരും അവിടെ എത്തിച്ചേർന്നു. പടിഞ്ഞിറ്റ നമ്പൂതിരി നദിയിലെ തീർത്ഥം ശിലയിൽ അഭിഷേകം ചെയ്തു'രക്തം നിലക്കാഞ്ഞതിനാൽ പാൽ നെയ്യ്, ഇളനീര് ഇവ കൊണ്ടുള്ള അഭിഷേകവും നടത്തി. അത്ഭുതമെന്നു പറയട്ടെ  രക്തപ്രവാഹം നിലച്ചു. ഇതിനോടനുബന്ധിച്ച് പ്രശ്നചിന്ത നടത്തി, ശ്രീ പരമേശ്വരന്റെ സ്വയംഭൂ ലിംഗം ആണ് ഈ ശിലയെന്ന് മനസ്സിലാക്കി. അടുത്തു തന്നെ ശക്തമായ ദേവീ സാന്നിദ്ധ്യവുമുണ്ടെന്ന് പ്രശ്നവശാൽ കണ്ടെത്തി. അതിനു ശേഷമാണ് ഇന്ന് കാണുന്ന വിധത്തിലുള്ള വൈശാഖമഹോൽസവം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു.

കൊട്ടിയൂരിന്റെ ഇന്നത്തെ രീതിയിലുള്ള പൂജാവിധികളും, അനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തിയത് ശ്രീമദ് ശങ്കരാചാര്യരാണെന്നു് പറയപ്പെടുന്നു. കൊട്ടിയൂരിലെത്തിയ ആചാര്യസ്വാമികൾ അക്കരെ ക്ഷേത്രത്തിലെ ഓരോ ശിലയിലും ശിവരൂപം ദർശിച്ചതിനാൽ പാദസ്പർശം അനുചിതമെന്ന് കരുതി ഇക്കരെ നിന്ന് പരമേശ്വരനെ വന്ദിച്ച് തിരിച്ചു പോവുകയാണ് ഉണ്ടായത്. അദ്ദേഹമാണ് ഈ പുണ്യഭൂമിക്ക് ദക്ഷിണകാശി എന്ന് പേർ നൽകിയത് എന്ന് പറയപ്പെടുന്നു.

ഈ സന്നിധിയിൽ ദർശനം നടത്തുന്ന ഓരോ ഭക്തനും പ്രസാദമെന്ന നിലയിൽ ഒരു ഓടപ്പൂ സ്വന്തം ഭവനത്തിലേക്ക് കൊണ്ടു പോകുന്നു. [ഇത്  ക്ഷേത്രത്തിൽനിന്ന് കിട്ടുന്നതല്ല കടകളിൽനിന്നും വാങ്ങുന്നതാണ്] സതി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം വീരഭദ്രൻ പറിച്ചെറിഞ്ഞ ഭൃഗുമഹർഷിയുടെ താടിയുടെ പ്രതീകമാണ് ഓടപ്പൂ എന്ന് ഐതിഹ്യം പറയുന്നു

മറ്റൊരിടത്തും കാണാൻ കഴിയാത്ത ആചാരാനുഷ്ഠാനങ്ങളും, ആരാധനാസമ്പ്രദായങ്ങളും, വ്യത്യസ്ത സമുദായക്കാരുടെ കൂട്ടായ്മയും, തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയും, പ്രകൃതിയുടെ വന്യ സൗന്ദര്യവും, ഓടപ്പൂവെന്ന വിശിഷ്ട പ്രസാദവും, മണിത്തറയിലെ കെടാവിളക്കും., എല്ലാമെല്ലാം ഒത്തുചേരുന്ന ഈ പരബ്രഹ്മമൂർത്തിയുടെ വിശേഷങ്ങൾ ആരാലും പറഞ്ഞു തീർക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല

Related Post

പുനർജന്മം

Posted by - Mar 10, 2018, 11:17 am IST 0
പുനർജന്മം ഒരു സത്യമാണ്.  അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.  ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്.. പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്. എന്തുകൊണ്ടാണ്…

പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ?

Posted by - Mar 12, 2018, 09:13 am IST 0
പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ? മനുഷ്യരുടെ ഇടയിൽ രണ്ടു തരത്തിലുള്ള നിയമങ്ങൾ…

ഇന്ന് നരസിംഹ ജയന്തി 

Posted by - Apr 28, 2018, 07:46 am IST 0
ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹാവതാരം.വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. കൃതയുഗത്തില്‍ മഹാവിഷ്ണു…

അറിയാം കര്‍പ്പൂര ദീപത്തിന്റെ പ്രാധാന്യം 

Posted by - Jun 8, 2018, 08:37 am IST 0
ഹൈന്ദവ പൂജാദി കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്‍പ്പൂര ദീപം. ദീപാരാധന നടത്തുമ്ബോള്‍ കര്‍പ്പൂര ദീപമാണ് ഉഴിയുക. ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. മനുഷ്യന്‍റെ…

"ശംഭോ മഹാദേവ"

Posted by - Mar 8, 2018, 10:26 am IST 0
"പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….." ഏതാണ് ആ ആറ് പടികള്‍? "വലിയൊരു കാട്ടീലകപ്പെട്ടേ ഞാനും വഴിയും കാണാതെയുഴലുമ്പോള്‍ വഴിയില്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും…

Leave a comment