കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം.
കർക്കടകം ഔഷധസേവയ്ക്ക് ഉത്തമമെന്ന് പൂർവ്വികർ പറയുന്നു. വാസ്തവമുണ്ടോ?
അതു ശരിയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നഷ്ടപ്പെട്ട ചൈതന്യവും ആരോഗ്യവും വീണ്ടെടുക്കാൻ ആയുർവേദ വിധിപ്രകാരം ഔഷധസേവ നടത്തുന്നത് മിഥുനം കർക്കടക മാസം ഉത്തമമാണ്. ആയുർവേദ മരുന്ന് സേവിക്കുമ്പോൾ ജലവും മറ്റു പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. ഈ സമയം തണുപ്പായതിനാൽ ഇവ നിയന്ത്രിക്കുവാൻ എളുപ്പമാണ്.
കർക്കടകത്തിലെ ഒരു ദിവസം രോഗമുക്തിക്കായി ചില സന്നദ്ധ സംഘടനകളും അമ്പലങ്ങളും ഔഷധകഷായം കൊടുത്തുവരുന്നുണ്ട്. സാക്ഷാൽ വാക്ദേവതയായ ശ്രീമൂകാംബികാ ദേവിയുടെ സന്നിധിയിൽ അത്താഴശിവേലിക്കു ശേഷം എല്ലാ ദിവസവും കഷായം നൽകി വരുന്നുണ്ട്. ഇത് ഭക്തന് വഴിപാടായി നടത്താനും സാധിക്കും. ചൊറിയൊരു കുപ്പിയോ പാത്രമോ ഉണ്ടെങ്കിൽ അതിൽ അതു വാങ്ങി സേവിക്കാവുന്നതുമാണ്. മനസ്സിനെ ബലപ്പെടുത്താനും ഈശ്വരചിന്തയും അനിവാര്യമാണ്. മരുന്നും മന്ത്രവുമായും വിശ്രമവുമായും ശരീരത്തെയും മനസ്സിനെയും ഈ സമയത്ത് ശക്തിപ്പെടുത്തണം. എങ്കിൽ അടുത്ത ഒരു കൊല്ലം ഐശ്വര്യപൂർണമായൊരു കാലമായിരിക്കും.
കടപ്പാട് : ചെങ്ങന്നൂർ ടെംപിൾ ഗ്രുപ്പ്