ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ ക്ഷേത്രം
പാലാഴി മഥനത്തിൽ ലഭിച്ച അമൃത് ഗണേശനെ സ്മരിക്കാതെ കഴിക്കാൻ തുനിഞ്ഞ ദേവന്മാരെ ഒരു പാഠം പഠിപ്പിക്കാൻ അമൃതുമായി ഗണപതി എത്തിയത് തിരുകടിയൂരിൽ ആയിരുന്നു. അവിടെ ഒളിപ്പിച്ചു വച്ച അമൃത് തിരിച്ചുനൽകുന്നതിന് മുൻപ് കുറച്ചു അമൃത് ശിവലിംഗത്തിൽ ഒഴിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. തിരുകടിയൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മരണത്തെ തടുക്കുന്ന ശിവനാണ്, കൂടെ പാർവതിയുടെ ക്ഷേത്രവും (അഭിരാമി അമ്മൻ). തിരുകടിയൂർ ശിവനെ മൃത്യുവെ തടുക്കുന്നവൻ എന്ന അർത്ഥത്തിൽ മൃത്യുഞ്ജയൻ ആയി പൂജിക്കുന്നു. ശിവ ഭക്തനായ മാർക്കണ്ഡേയന്റെ കഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു യൗവനത്തിൽ തന്നെ മരണം വിധിക്കപ്പെട്ട മാർക്കണ്ഡേയൻ തിരുകടിയൂരിലെ ശിവനെ ഭജിച്ചു മരണത്തെ കീഴടക്കി എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ മാർക്കണ്ഡേയന്റെയും പ്രതിഷ്ഠ കാണാം.
മരണത്തെ തടുക്കുന്നവനായ ശിവനെ ഭജിച്ചാൽ ദീർഘ ദാമ്പത്യം ലഭിക്കുമെന്ന വിശ്വാസത്താൽ ആയിരിക്കാം ദമ്പതികൾ അവിടെ എത്തി വീണ്ടും താലികെട്ടുന്ന ഒരു പ്രത്യേക ആചാരം ഇവിടെയുണ്ട്. മക്കളുടെയും പേരകുട്ടികളുടെയും സാന്നിധ്യത്തിൽ വീണ്ടും വിവാഹിതരാകുന്ന ധാരാളം ദമ്പതിമാരെ അവിടെ കണ്ടു. അമ്പലത്തിനുള്ളിൽ അനേകം ഹോമകുണ്ഡങ്ങൾ അതിൽ മൃതുഞ്ജയ ഹോമം നടക്കുന്നു. അതിന് മുൻപിൽ വീണ്ടും താലികെട്ടുന്ന ദമ്പതികൾ. സാധാരണയായി പുരുഷന് 60 വയസ്സ് , 70 വയസ്സ് 80 വയസ്സ് എത്തുമ്പോഴാണ് ഒരു മുഹൂർത്തം നോക്കി വീണ്ടും ഇവിടെവച്ചു താലികെട്ട് നടത്തുന്നത്. ഓരോ താലികെട്ടും ഒരു ഹോമകുണ്ഡത്തിന് മുൻപിലാണ്. ക്ഷേത്രത്തിന്റെ അകം മുഴുവൻ ഈ ഹോമകുണ്ഡത്തിൽ നിന്നുള്ള പുകയാണ്. മക്കളുടെയും, മരുമക്കളുടെയും പേരകുട്ടികളുടെയും സാന്നിധ്യത്തിൽ ഒരു താലികെട്ട്