പുനർജന്മം

152 0

പുനർജന്മം ഒരു സത്യമാണ്. 

അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്. 

ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..

പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.

എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ?

ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ?

നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു?

ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ?

ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ?

ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ?

ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും.

ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.

മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ  സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.

ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.

ബന്ധങ്ങൾ

മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം  ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.

ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും. ധനികന്‍റെ വീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കർമങ്ങളുടെ ശേഖരണം കൊണ്ട് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുകയാണ്. പുനർജന്മത്തെകുറിച്ചുള്ള തിരിച്ചറിവ് ലഭിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നു. തന്‍റെ അനാദിയായ അസ്തിത്ത്വത്തെ തിരിച്ചറിയുന്നു. മനസ്സ് സ്വാഭാവികമായി ധ്യാനനിരതമാകുന്നു. ഭയം, ഉത്കണ്ഠ, സങ്കുചിതഭാവം എന്നിവക്കുള്ള ഉത്തമമായ മരുന്നാണ് പുനർജന്മ ജ്ഞാനം.

ശ്രീമദ് ഭഗവദ്ഗീത സാംഖ്യയോഗഃ

വാസാംസി ജീര്‍ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോഽപരാണി തഥാ ശരീരാണി വിഹായ ജീര്‍ണാ- ന്യന്യാനി സംയാതി നവാനി ദേഹീ (22)

മനുഷ്യന്‍ എങ്ങിനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീ‍ര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു.

നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (23)

ഈ ആത്മാവിനെ ആയുധങ്ങള്‍ മുറിവ് ഏല്‍പ്പിക്കുന്നില്ല. ഇവനെ തീ ദാഹിപ്പിക്കുന്നില്ല. ഇവനെ വെള്ളം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.

അച്ഛേദ്യോഽയമദാഹ്യോഽയമക്ലേദ്യോഽശോഷ്യ ഏവ ച നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോഽയം സനാതനഃ (24)

ആത്മാവ് ഛേദിക്കപ്പെടാത്തവനാണ്. ഇവന്‍ ദഹിപ്പിക്കപ്പെടാന്‍ കഴിയാത്തവനാണ്. നനയാത്തവനാണ്. ഉണങ്ങാത്തവനുമാണ്. ഇവന്‍ നിത്യനും സര്‍വവ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്.

അവ്യക്തോഽയമചിന്ത്യോഽയമവികാര്യോഽയമുച്യതേ തസ്മാദേവം വിദിത്വൈനം നാനുശോചിതുമര്‍ഹസി (25)

ഇവന്‍ (ഈ ആത്മാവ്) ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അഗോചരനും, മാറ്റമില്ലാതവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവനായി ഇവനെ അറഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക

Related Post

വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

Posted by - Oct 13, 2024, 05:50 pm IST 0
മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക്…

ശക്തി തന്നെയാണ് ഈശ്വരൻ

Posted by - Apr 26, 2018, 06:53 am IST 0
ആദിയിൽ പ്രപഞ്ചം എല്ലാം  ബീജരൂപ പരാശക്തിൽ ലയിച്ചിരുന്നു.  ഇതിനെ ഭഗാവൻ്റെ  ഹിരണ്യഗർഭമെന്നു പറയുന്നു. വിഷ്ണുഭഗവാൻ യോഗനിദ്രയിലേക്കും പ്രവേശിക്കുന്നു.    പ്രപഞ്ചമെല്ലാം ഭഗവാനിൽ അടങ്ങിയിരുന്നു,. വിറകിൽ അഗ്നിപോലെ വിത്തിൽ…

 കൈലാസം അറിയുവാൻ ഇനിയുമേറെ 

Posted by - Mar 3, 2018, 11:06 am IST 0
 കൈലാസം അറിയുവാൻ ഇനിയുമേറെ  ഹൈന്ദവവിശ്വാസപ്രകാരം സംഹാര മൂര്ത്തിയായ ശിവന് പത്നിയായ പാര്വ്വതി ദേവിയോടും നന്ദികേശനും ഭൂതഗണങ്ങളോടുമൊപ്പം വസിക്കുന്ന സ്ഥലമാണ് കൈലാസം .. കൈലാസവും അനുബന്ധ പ്രദേശങ്ങളായ മാനസ്സസരസ്സും…

ആരാധന

Posted by - May 5, 2018, 06:00 am IST 0
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍…

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST 0
ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌?…

Leave a comment