കാല്‍ തൊട്ടു വണങ്ങുന്നതിന് പാദസ്പര്‍ശം എന്നാണ് ഹിന്ദു മിഥോളജിയില്‍ പറയുന്നത്. ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. ഒരു വ്യക്തിയുടെ ഭാരം അത്രമേല്‍ താങ്ങി നിറുത്തുന്നത് അവന്റെ പാദങ്ങളാണ്. നമ്മള്‍ ഒരാളുടെ പാദം വണങ്ങുമ്പോള്‍ നാം നമ്മുടെ അഹംഭാവം വെടിഞ്ഞ് അവരുടെ പ്രായത്തെയും, ജ്ഞാനത്തെയും, അവരുടെ നേട്ടങ്ങളെയും ആദരിക്കുകയാണ്.
ഈ ആദരത്തിന് പ്രതിഫലമായി നമ്മുടെ ഉയര്‍ച്ചക്കായി അവര്‍ നമ്മളെ അനുഗ്രഹിക്കുന്നു. അതാണ് കാല്‍ തൊട്ടു വന്ദിക്കുന്നതിനു പിന്നിലുള്ളത്. ആത്മീയ ഗുരുക്കന്മാര്‍, അധ്യാപകര്‍, മുത്തശ്ശന്മാര്‍, മുത്തശ്ശിമാര്‍, മൂത്ത സഹോദരങ്ങള്‍, പ്രായമായവര്‍ എന്നിവരുടെ കാലുകളാണ് തൊട്ടുവണങ്ങുന്നത്. കാല്‍ തൊട്ടു വണങ്ങുന്നതിനുള്ള രീതിയും പഴമക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നടുവളച്ച് കൈനീട്ടിയാണ് പാദസ്പര്‍ശം നടത്തേണ്ടതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ആചാരത്തെ അംഗീകരിക്കാത്തവരും പുതിയ തലമുറയില്‍ ഉണ്ട്.