മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
26 പന്തില്‍ 40 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21, ക്രുനാല്‍ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒന്നാം വിക്കറ്റില്‍ ഡികോക്ക്- രോഹിത് ശര്‍മ (19 പന്തില്‍ 28) സഖ്യം 70 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ കൂടി തകർത്തടിച്ചതോടെ ഒരു ഓവർ ബാക്കി നിർത്തി മുംബൈ കളി സ്വന്തമാക്കി. പവൻ നേഗി എറിഞ്ഞ 18-ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും പറത്തിയാണ് ഹാർദിക് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. 16 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ രണ്ട് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 37 റൺസാണ് അടിച്ചുകൂട്ടിയത്.
നേരത്തെ, ഡിവില്ലിയേഴ്‌സ് (51 പന്തില്‍ 75), മൊയീന്‍ അലി (32 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി.
മലിംഗയ്ക്ക് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.