ഇഞ്ചിയോണ്‍: ദക്ഷിണകൊറിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ കരുത്തരായ എതിരാളികള്‍ക്കെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരപരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി. ഇന്ത്യയ്ക്കായി സ്ട്രൈക്കര്‍ ലാല്‍റെംസിയാമി(20), നവനീത് കൗര്‍(40) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഷിങ് ഹെജിയോങ്ങിന്റെ(48) വകയായിരുന്നു കൊറിയയുടെ ഗോള്‍.
സ്പെയിനിനും മലേഷ്യയ്ക്കും എതിരെ ഈവര്‍ഷം ആദ്യം നടന്ന പരമ്പരയില്‍ മികവാര്‍ന്ന പ്രകടനം നടത്തിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കൊറിയയ്ക്കെതിരെയും കളിക്കാനിറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഫീല്‍ഡ് ഗോളിലൂടെ ഇരുപതാം മിനിറ്റില്‍ മുന്നിലെത്തിയ ഇന്ത്യ കളിയില്‍ ആധിപത്യം സ്ഥാപിച്ചു.
ആതിഥേയര്‍ ആകെ അഞ്ച് പെനാല്‍റ്റി കോര്‍ണറുകളും ഒരു പെനാല്‍റ്റി സ്ട്രോക്കും നേടി. ഇന്ത്യന്‍ നിരയില്‍ ഗോള്‍കീപ്പര്‍ സവിതയുടെ മിന്നുന്ന പ്രകടനം എടുത്തുപറയേണ്ടതാണ്. ഷോര്‍ഡ് മരീനെയ്ക്കു കീഴില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടുത്ത മത്സരത്തില്‍ കൂടുതല്‍ മികവുകാട്ടുമെന്ന് പരിശീലകന്‍ പറഞ്ഞു. ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.