മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബിസിസിഐയോട് ധോണി ഔദ്യോഗികമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെങ്കിലും തന്റെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഇത് സംസാരിച്ചതായി സ്‌പോർട്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
2019ലാണ് ധോണി അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം ഇന്ത്യൻ ടീമിൽ അദ്ദേഹം കളിച്ചിട്ടില്ല. ഐപിഎൽ 2020 സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടി10 ലോകകപ്പ് ടീമിൽ ഇടം നേടാമെന്നൊരു പ്രതീക്ഷ ധോണിക്കുണ്ടായിരുന്നു
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഐപിഎൽ നടക്കുമോയെന്ന് ഉറപ്പില്ല. കൊവിഡ് 19യെ തുടർന്ന് മാർച്ച് 19ന് ആരംഭിക്കേണ്ട ഐപിഎൽ ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു. എന്നാൽ ടൂർണമെന്റ് നടക്കാൻ ഒരു സാധ്യതയും നിലവിലില്ല. ചെന്നൈയിൽ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്ന ധോണി തിരികെ റാഞ്ചിയിലേക്ക് മടങ്ങിയിരുന്നു.
വിരമിക്കാനായി ധോണി മാനസികമായി തയ്യാറെടുത്തുവെന്നാണ് അറിയുന്നത്. ഐപിഎല്ലിന് വേണ്ടിയാണ് അദ്ദേഹം കാത്തിരുന്നത്. ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ കെ എൽ രാഹുലാണെങ്കിൽ ദേശീയ ടീമിൽ ഇടം ഉറപ്പിച്ചും കഴിഞ്ഞു. ഇതോടെയാണ് ധോണി വിരമിക്കലിനെ കുറിച്ച് ഗൗരവമായി ആലോചിച്ച് തുടങ്ങിയത്.