മുംബൈ കോച്ച് സമീര്‍ ഡിഗേ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്നും കൂടുതല്‍ പരിചരണം ആവശ്യമായ ഘട്ടത്തില്‍ അദ്ദേഹം പിന്മാറുവാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് എംസിഎ ജോയിന്റ് സെക്രട്ടറി ഇതിനെക്കുറിച്ച് പറഞ്ഞത്. മുംബൈയ്ക്ക് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ ഡിഗേയ്ക്ക് കീഴില്‍ എത്താനായുള്ളു.
ക്വാര്‍ട്ടറില്‍ കര്‍ണ്ണാടകയോട് തോല്‍വിയേറ്റു വാങ്ങി മുംബൈ പുറത്തായി. ഒരു സീസണ്‍ മാത്രം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ഡിഗേയുടെ പിന്മാറല്‍. വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ചാണ് സമീര്‍ ഡിഗേ പിന്മാറിയത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്ന സമീര്‍ ഡിഗേ ആറ് ടെസ്റ്റുകളും 23 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ചന്ദ്രകാന്ത് പണ്ഡിറ്റില്‍ നിന്നാണ് ഡിഗേ കോച്ചിംഗ് ദൗത്യം ഏറ്റെടുത്തത്.