ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ ഇന്ത്യ നൽകുന്നത്. 49കാരനായ മുന്‍ പാക് ക്യാപ്റ്റന് ഗുരുതരമായ തകരാറുള്ളതിനാല്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂ. ഹൃദയം മാറ്റിവെയ്ക്കാന്‍ മന്‍സൂര്‍ അഹമ്മദ് ഇന്ത്യയുടെ സഹായം തേടിയിരുന്നു.
മന്‍സൂറിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ കേട്ടതോടെ ഹോക്കിതാരം ഇന്ത്യയിലെ ആശുപത്രിയില്‍ ചികിത്സ തേടും. ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ തോല്‍പ്പിച്ച പാക്കിസ്ഥാന്റെ ഗോള്‍ കീപ്പറായിരുന്നു മന്‍സൂര്‍. 1994ലെ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡിന്റെ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒളിമ്പിക്‌സ് വെങ്കലം നേടിയ പാക് ടീമിലും മന്‍സൂര്‍ അംഗമായിരുന്നു. ഇന്ത്യയിലേക്ക് മെഡിക്കല്‍ ആവശ്യത്തിനായി വരാന്‍ സര്‍ക്കാര്‍ വിസ അനുവദിക്കും.
ഇതോടെ ഫോര്‍ട്ടിസ് ഗ്രൂപ്പ് മന്‍സൂറിന് സൗജന്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും വാഗ്ദാനം ചെയ്തു. കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ചൗധരി പര്‍വേസിനാണ് മന്‍സൂര്‍ ഇതുവരെ ചികിത്സിച്ചിരുന്നത്. കുറഞ്ഞ ചിലവില്‍ വിജയകരമായി ശസ്ത്രിക്രിയ നടത്താന്‍ ഏറ്റവും അനുയോജ്യം ഇന്ത്യയാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ മന്‍സൂര്‍ കരളലിയിക്കുന്ന വീഡിയോ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു.