വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം രചിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം ആദ്യമായി സെമിഫൈനലില്‍ കടന്നു. 195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് കൂടാരം കയറി.
കൃഷ്ണഗിരിയിലെ പേസ് പിച്ചില്‍ തീതുപ്പുന്ന പന്തുകളുമായി ഗുജറാത്തിനെ വിറപ്പിച്ച പേസര്‍മാരായ ബേസില്‍ തന്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്‍റെ ചരിത്ര ജയത്തിന് ചുക്കാന്‍ പിടിച്ചത്. ബേസില്‍ അഞ്ചും സന്ദീപ് നാലും വിക്കറ്റുകള്‍ പിഴുതു. മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തന്പി മാന്‍ ഓഫ് ദ മാച്ചായി.