ഹൈദരാബാദ്: റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്‍റെ ആധികാരിക ജയം. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. മുഹമ്മദ് നബി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
കൂട്ടത്തകര്‍ച്ചയോടെ തുടങ്ങിയ ബാംഗ്ലൂരിന് 22 റണ്‍സെടുക്കുന്നതിനിടെ പാര്‍ത്ഥീവിനെയും(11) ഹെറ്റ്‌മെയറിനെയും(9) എബിഡിയെയും(1) നഷ്ടമായി. അഫ്ഗാന്‍ സ്‌പിന്നര്‍ മുഹമ്മദ് നബിക്കാണ് മൂന്ന് വിക്കറ്റും. പിന്നാലെ കോലിയെ(3) സന്ദീപ് ശര്‍മ്മ, വാര്‍ണറുടെ കൈകളിലെത്തിച്ചു. മൊയിന്‍ അലി(2) റണ്‍ഔട്ടാവുകയും ചെയ്തു. അഞ്ച് റണ്‍സെടുത്ത ശിവം ദുബെയെ എട്ടാം ഓവറില്‍ മടക്കി നബി നാല് വിക്കറ്റ് തികച്ചു. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് 7.3 ഓവറില്‍ ആറ് വിക്കറ്റിന് 35 റണ്‍സ്.
എന്നാല്‍ പുതുമുഖം പ്രയാസും ഗ്രാന്‍ഡ്‌ഹോമും റോയല്‍ ചലഞ്ചേഴ്‌സ് ഇന്നിംഗ്‌സ് 16-ാം ഓവര്‍ വരെ കൊണ്ടുപോയി. എന്നാല്‍ ഗ്രാന്‍ഡ്‌ഹോമിന്‍റെ ചെറുത്തുനില്‍പ്പൊന്നും ബാംഗ്ലൂരിനെ ജയിപ്പിക്കാന്‍ പാകത്തിലുള്ളതായിരുന്നില്ല. 18-ാം ഓവറില്‍ ഉമേഷ്(14) റണ്‍ഔട്ടായി. തൊട്ടടുത്ത ഓവറില്‍ ഗ്രാന്‍ഡ്‌ഹോമും(32 പന്തില്‍ 37) റണ്‍ഔട്ടായി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ചാഹല്‍(1) പുറത്തായതോടെ ബാംഗ്ലൂരിന്‍റെ പോരാട്ടം അവസാനിച്ചു