ഫത്തോഡ: ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്സി ഗോവയിലേക്കാണ് താരം ചേക്കേറിയത്. ഗോവയുമായി 2021 വരെയുള്ള കരാറില്‍ ഡൊംഗെല്‍ ഒപ്പുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്വച്ചത്.
ഐ ലീഗിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലൂടെയാണ് ഡൊംഗെല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പൈലാന്‍ ആരോസ്, ഷില്ലോങ് ലജോങ്, ബെംഗളൂരു എഫ്സി എന്നിവര്‍ക്കു വേണ്ടിയും താരം കളിച്ചു. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനെക്കൂടാതെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഡല്‍ഹി ഡൈനാമോസ് ടീമുകള്‍ക്കു വേണ്ടിയും ഡൊംഗെല്‍ പന്ത് തട്ടിയിട്ടുണ്ട്.
ലെന്‍ എന്നു വിളിപ്പേരുള്ള മണിപ്പൂര്‍ സ്വദേശിയായ ഡൊംഗെല്‍ അറ്റാക്കിങ് ശൈലിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരേ സമയം പ്രതിരോധിച്ചും ആക്രമിച്ചും കളിക്കാന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം. ഗോവയ്ക്കു വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നു ഡൊംഗെല്‍ പ്രതികരിച്ചു.