തിരുവനന്തപുരം: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദംമൂലം ആമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശിയായ 49 കാരിയ്ക്ക് നൂതന ചികിത്സയിലൂടെ രോഗം ഭേദമായി. തുടര്‍ച്ചയായി രക്തം ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് വീങ്ങിയ രക്തക്കുഴലുകളും രക്തസ്രാവവും കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീ ചിത്രയിലെ ഇന്റര്‍വന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ കൂടാതെ ബലൂണ്‍ ഒക്ലൂഡഡ് റിട്രോഗ്രേഡ് ട്രാന്‍സ്വെനസ് ഒബ്‌ളിട്ടറേഷന്‍ അഥവാ ബിആര്‍ടിഒ എന്ന ചികിത്സയിലൂടെ കഴുത്തിലെ രക്തക്കുഴല്‍ വഴി ഈ ഞരമ്പുകള്‍ കരിച്ചത്. ആദ്യമായാണ് ഇത്തരം ചികിത്സാ രീതി സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്നത്. ചെലവേറിയ ഈ ചികിത്സ ആരോഗ്യ ഇന്‍ഷുറന്‍സ് മുഖേന സൗജന്യമായാണ് രോഗിക്ക് നല്‍കിയത്. കരള്‍രോഗത്തിന് മറ്റൊരു നൂതന ചികിത്സാരീതിയായ ടിപ്പ്‌സും ശ്രീചിത്രാ ആശുപത്രിയുമായി സഹകരിച്ച് മുമ്പ് നടത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓപ്പണ്‍ സര്‍ജറിയുടെ അപകടസാധ്യത വളരെ കൂടുതലായ കരള്‍രോഗികള്‍ക്ക് ഇത്തരം ചികിത്സകള്‍ പ്രയോജനകരമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദരരോഗവിഭാഗം മേധാവി ഡോ. കൃഷ്ണദാസ് ദേവദാസ്, ഡോ. സന്ദേഷ്, ഡോ. ഷാനിദ്, ശ്രീചിത്രയിലെ ഡോക്ടര്‍മാരായ ഡോ. കേശവ്‌ദേവ്, ഡോ. ജിനേഷ്, ഡോ. അനൂപ്, ഡോ. ജയദേവന്‍, ഡോ. സന്തോഷ് എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
