ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും. കൂടുതല്‍ വരുമാനം കിട്ടുമെന്നതിനാലാണിത്. അതായത്, പലിശനിരക്ക് കൂടുതലുള്ള രാജ്യത്തെ കറന്‍സിയുടെ വിനിമയമൂല്യവും കൂടുതലാകും. കറന്റ് അക്കൗണ്ട് കമ്മിയും സ്വാധീനംചെലുത്തും. ഒരു രാജ്യം മറ്റു രാജ്യങ്ങളുമായി നടത്തുന്ന വിപണനങ്ങളെ അടിസ്ഥാനമാക്കിയുള്ള വരവുചെലവുകളുടെ അറ്റമൂല്യം സുപ്രധാനമാണ്. ഇതനുസരിച്ച് വരുമാനം കുറവും ചെലവ് കൂടുതലുമാണെങ്കില്‍ ഈ വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. വസ്തുക്കള്‍, സേവനം, പലിശ എന്നിവയുടെയെല്ലാം മൂല്യം കണക്കിലെടുത്താണ് ഇതു നിര്‍ണയിക്കുന്നത്. ഇപ്രകാരം കറന്റ്അക്കൗണ്ട്കമ്മി കൂടിനിന്നാല്‍ അത് നികത്താന്‍ വിദേശത്തുനിന്ന് കടമെടുത്തേ പറ്റൂ. സ്വാഭാവികമായും കടമെടുക്കുന്നരാജ്യത്തിന്റെ കറന്‍സിക്ക് വിനിമയമൂല്യം കുറയും.
