വ്യത്യസ്ത ഇനം കറന്‍സികളുടെ പരസ്പര കൈമാറ്റമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് അഥവാ വിദേശനാണ്യ വിനിമയം. ഇതില്‍ ഓരോ ഇനത്തിന്റെയും ആവശ്യം, വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിനിമയമൂല്യത്തില്‍ മാറ്റംവരും. സപ്ലൈയെയും ഡിമാന്‍ഡിനെയും ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. നാണ്യനയമാണ് ഈ ഘടകങ്ങളില്‍ ആദ്യത്തേത്. കേന്ദ്ര ബാങ്കിനാണ്ഇതില്‍ മേല്‍ക്കൈ. ഇതിന് അനുസൃതമായി വിനിമയമൂല്യത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. വിദേശനാണ്യ വിപണിയില്‍ കേന്ദ്ര ബാങ്കിന്റെ സാന്നിധ്യം സദാ ഉണ്ടാകും. ആഭ്യന്തര കറന്‍സിയുടെ മൂല്യം അനിയന്ത്രിതമായി ചാഞ്ചാടാതെ അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ജാഗരൂകമാണ് കേന്ദ്ര ബാങ്ക്. നാണ്യനയത്തിന്റെ പ്രതിഫലനത്തിനു പുറമെ നാണ്യ നയത്തെക്കുറിച്ചുള്ള വിപണിയിലെ മുന്‍കൂട്ടിയുള്ള പ്രവചനങ്ങളും വിനിമയമൂല്യത്തെ ബാധിച്ചേക്കും. വിപണിയിലെ ഊഹാപോഹങ്ങള്‍ക്കാണ് വിനിമയ മൂല്യനിര്‍ണയത്തില്‍ അടുത്ത സ്ഥാനം.
