വിദേശനാണ്യ വിനിമയ വിപണിയെ വിശകലനംചെയ്യുന്നവരുടെ പ്രവചനങ്ങള്‍ പ്രകാരം വിനിമയമൂല്യത്തില്‍ മാറ്റംവന്നുകൊണ്ടിരിക്കും. ഇത്തരത്തിലുള്ള വിശദമായ വിപണി വിശകലനങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചനകള്‍ വിനിമയ മൂല്യനിര്‍ണയത്തില്‍ പ്രധാനമാണ്. ഇതിന് അനുസൃതമായി വിനിമയം നടക്കും. ഏതെങ്കിലും കറന്‍സിക്ക് വിനിമയമൂല്യം ഉയരുമെന്ന പ്രവചനങ്ങള്‍ ശക്തമാകുമ്പോള്‍ ഈ കറന്‍സി വാങ്ങാനുള്ള താല്‍പ്പര്യം ഏറിവരും. സ്വാഭാവികമായും വില ഉയരുകയും പ്രവചനം ഏറെക്കുറെ ഫലിക്കുകയും ചെയ്യുകയാണ് പതിവ്. മറിച്ചുള്ള പ്രവചനങ്ങളാകട്ടെ വില്‍പ്പന കൂടാനും വില കുറയാനും ഇടയാക്കും.രാഷ്ട്രീയ സാഹചര്യങ്ങളാണ് അടുത്ത ഘടകം. ഏതൊരു സമ്പദ്വ്യവസ്ഥയിലും സുപ്രധാന ഘടകമാണ് വിദേശനാണ്യ വിനിമയമൂല്യം. മറ്റു വിലകളെയെല്ലാം ബാധിക്കുന്ന ഘടകമാണിത്. ആഗോളതലത്തില്‍ രാഷ്ട്രീയ പിരിമുറുക്കം രൂക്ഷമായിവരുമ്പോള്‍ വിദേശനാണ്യ വിനിമയമൂല്യത്തെ അത് ഗുരുതരമായി ബാധിക്കും. അശാന്തി വര്‍ധിക്കുമ്പോള്‍ കറന്‍സികളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഒഴുക്കിന് വിഘാതമുണ്ടാകും. കറന്‍സികളുടെ സന്തുലിതാവസ്ഥ ഇതോടൊപ്പം തകരാറിലാവുകയും ചെയ്യും. ഒരു രാജ്യത്തെ വിദേശനാണ്യ വിനിമയമൂല്യംശക്തമായി നില്‍ക്കാന്‍ ഏറ്റവും സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് അവിടത്തെ രാഷ്ട്രീയ സുസ്ഥിരത.
