പൂരപ്രേമികളുടെ തെറിവിളികള്‍ക്കും ആഷിഖ് അബുവിനോട് പ്രസവിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കും മറുപടിയുമായി ഒരു യുവാവിന്റെ കുറിപ്പ്  

61 0

തൃശൂര്‍ പൂരം പുരുഷന്മാരുടേത് മാത്രമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നടി റിമ കല്ലിങ്കലിന് കടുത്തവിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവന്നത്. സോഷ്യല്‍ മീഡിയയില്‍ റിമയ്‌ക്കെതിരെ വന്‍കോലാഹലം നടന്നു. സ്ത്രീകളുടെ സുരക്ഷ ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് റിമ കല്ലിങ്കല്‍ ഇത്തരമൊരു അഭിപ്രായം ഉയര്‍ത്തിയത്. അതേസമയം റിമയെ പിന്തുണച്ചും തങ്ങള്‍ക്ക് പൂരത്തിനിടെ നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ പങ്കുവെച്ചും ഏതാനും പെണ്‍കുട്ടികളും രംഗത്തെത്തി. റിമയ്‌ക്കെതിരെ പുരുഷകൂട്ടായ്മകള്‍ കോലാഹലമുയര്‍ത്തുമ്പോള്‍ റിമയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സന്ദീപ് ദാസ് എന്ന യുവാവ്.

സന്ദീപ് ദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഞാന്‍ പലതവണ തൃശ്ശൂര്‍ പൂരത്തിന് പോയിട്ടുണ്ട്.പക്ഷേ അവിടെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് തോന്നിയിട്ടുണ്ട്.പലപ്പോഴും പൂരം എന്നത് ആണുങ്ങളുടെ മാത്രം ഫെസ്റ്റിവലാണ്.പൂരത്തിന് പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുമുണ്ട്….''

നടി റിമ കല്ലിങ്കല്‍ പറഞ്ഞ അഭിപ്രായം ഇതാണ്.(വരികള്‍ കൃത്യമല്ലെങ്കിലും ആശയം ഇതുതന്നെ).അവര്‍ പറഞ്ഞത് സത്യമാണെങ്കിലും,അതിന്റെ പേരില്‍ ചില സോ കോള്‍ഡ് പൂരപ്രേമികള്‍ റിമയെ വിളിച്ച തെറികള്‍ക്ക് കണക്കില്ല !

റിമ എന്ന വ്യക്തിയോടുള്ള വെറുപ്പ് ആളുകള്‍ പ്രകടിപ്പിക്കുന്നു എന്നാണ് ആദ്യം കരുതിയത്.പക്ഷേ സംഗതി അതല്ല.പൂരത്തെക്കുറിച്ച് സമാനമായ അഭിപ്രായം പറഞ്ഞ ഒരു സാധാരണ പെണ്‍കുട്ടിയും ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുന്നുണ്ട്.

കുറച്ചുനാളുകള്‍ക്ക് മുമ്പ് റിമ ഒരു വാദം മുന്നോട്ടുവെച്ചിരുന്നു.'പൊരിച്ച മീന്‍' എന്നുപറഞ്ഞാല്‍ എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാകും.അങ്ങേയറ്റം പ്രസക്തമായ ഒരു പ്രസ്താവനയായിരുന്നു അത്.പക്ഷേ മിക്ക ആളുകളും അക്കാര്യം മനസ്സിലാക്കിയില്ല.

നമ്മുടെ നാട്ടിലെ രീതിയനുസരിച്ച്,വീട്ടില്‍ പച്ചക്കറിയോ ഇറച്ചിയോ മറ്റോ വാങ്ങിയാല്‍ അത് കഴുകുന്നത് മുതല്‍ തീന്‍മേശയില്‍ വിളമ്പുന്നത് വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സ്ത്രീകളാണ്.കഴിക്കാന്‍ വന്നിരിക്കുക എന്ന ചുമതല മാത്രമേ പുരുഷനുള്ളൂ.മിക്കപ്പോഴും അവര്‍ക്ക് മുഴുത്ത കഷ്ണങ്ങള്‍ തന്നെ ഭക്ഷിക്കാന്‍ കിട്ടുകയും ചെയ്യും.മറിച്ചു സംഭവിക്കുന്ന വീടുകള്‍ ഉണ്ടാവാം.പക്ഷേ എണ്ണത്തില്‍ വളരെ കുറവാണ്.

കഷ്ടപ്പെട്ട് മീന്‍കറി വെച്ചതിനുശേഷം,അതിന്റെ ഗ്രേവി മാത്രം ഉപയോഗിച്ച് ഊണുകഴിക്കേണ്ടിവരുന്ന പെണ്‍കുട്ടികള്‍ ഈ നാട്ടില്‍ ധാരാളമുണ്ട് എന്ന വസ്തുത ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ?അതിനെക്കുറിച്ചാണ് റിമ പറഞ്ഞത്.പ്രിവിലേജുകളുടെ കൂമ്പാരത്തിനു മുകളില്‍ വിരാജിക്കുന്ന പുരുഷന്‍മാര്‍ക്ക് അക്കാര്യം ഉള്‍ക്കൊള്ളാനായില്ല.

തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകന്‍' എന്ന നോവല്‍ വായിച്ചിട്ടുണ്ടോ? ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കിയ കൃതിയാണത്.മലംകോരുന്ന ജോലി ചെയ്യുന്ന ചുടലമുത്തു, സ്വന്തം മകന് 'മോഹനന്‍' എന്ന് പേരിടാന്‍ തീരുമാനിക്കുമ്പോള്‍ വലിയ ഒച്ചപ്പാടുകളുണ്ടാവുന്നു !

സമൂഹം എക്കാലത്തും ഇങ്ങനെയാണ്.അടിച്ചമര്‍ത്തപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ.അതിനുനേരെ പല്ലിളിച്ചുകാട്ടാന്‍ ഒരു വലിയ ജനക്കൂട്ടം എപ്പോഴുമുണ്ടാവും.

ചിലപ്പോള്‍ ഒരു സ്ത്രീ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ഒരുപാട് പൂരങ്ങളിലും പെരുന്നാളുകളിലും പങ്കെടുത്തിട്ടുണ്ടാവാം.പക്ഷേ അതിനെ ഭാഗ്യമെന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ.അടുത്ത തവണ അവള്‍ ശാരീരികമായി ഉപദ്രവിക്കപ്പെടില്ല എന്ന് ഉറപ്പുതരാന്‍ കഴിയുമോ? ഈയൊരു അരക്ഷിതാവസ്ഥ പുരുഷനില്ല.അതിനെക്കുറിച്ചാണ് റിമ സംസാരിച്ചത്.

നമ്മളെ സംബന്ധിച്ചിടത്തോളം, ചെണ്ടമേളത്തിനൊപ്പം ഒരു പെണ്‍കുട്ടി ചാടിത്തുള്ളുക എന്നത് ഇന്നും അസാധാരണമാണ്.അത്തരം സംഭവങ്ങള്‍ വലിയ വാര്‍ത്തയാകുന്നത് അതുകൊണ്ടാണല്ലോ.പുരുഷാരത്തിന് നടുവില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന പെണ്ണിന് പല നീചമായ അധിക്ഷേപങ്ങളും കേള്‍ക്കേണ്ടിവരും.എന്നാല്‍ പുരുഷന് ആ വക പ്രശ്‌നങ്ങളൊന്നുമില്ലാതെ പൂരം ആസ്വദിക്കാം.

ധാരാളം സ്ത്രീകള്‍ പൂരത്തിന് പോകാറുണ്ട്.എന്നുകരുതി പുരുഷന്‍മാരെപ്പോലെ സ്വസ്ഥവും സ്വതന്ത്രവും ആയ മനസ്സോടെ ഏതെങ്കിലുമൊരു പെണ്ണിന് ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ സാധിക്കുമോ? ശരീരത്തിലൂടെ ഇഴഞ്ഞേക്കാവുന്ന കരങ്ങളെക്കുറിച്ച് സദാ ബോധവതികളായിരിക്കും അവര്‍.ഈ വ്യത്യാസമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക എന്ന വൃത്തികേടിന് ചിലപ്പോഴൊക്കെ പുരുഷനും ഇരയാകാറുണ്ട്.പക്ഷേ അവന് അത് എളുപ്പത്തില്‍ മറക്കാന്‍ കഴിയും.അവളുടെ കാര്യം അങ്ങനെയല്ല.പവിത്രത,വിശുദ്ധി,മാനം,ചാരിത്ര്യം തുടങ്ങിയ യുക്തിയില്ലാത്ത സങ്കല്‍പ്പങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അവയൊന്നും ഒരു സുപ്രഭാതത്തില്‍ മാഞ്ഞുപോകുന്നതല്ല.

റിമ പൂരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് ചിലരുടെ പരാതി ! സത്യത്തില്‍ ആ പരാതി ഉന്നയിക്കുന്നവരല്ലേ പൂരത്തെ അവഹേളിക്കുന്നത്? വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു വലിയ മേളയെ തകര്‍ക്കാന്‍ ഒരു ചലച്ചിത്രതാരത്തിന്റെ അഭിപ്രായത്തിന് കഴിയുമോ?

മുഴുവന്‍ പുരുഷന്‍മാരെയും അപമാനിക്കരുത് എന്നും ചിലര്‍ റിമയെ ഉപദേശിക്കുന്നു.റിമ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് ഞരമ്പുരോഗികളായ പുരുഷന്‍മാരെ മാത്രമാണെന്ന കാര്യം, സാമാന്യബോധമുള്ള എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്.എന്തിനാണ് ചങ്ങാതിമാരേ നിങ്ങള്‍ തലയിലെ പൂട തപ്പുന്നത്?

പൂരം നിരോധിക്കണം എന്നല്ല റിമ പറഞ്ഞത്.ലിംഗവ്യത്യാസമില്ലാതെ ആളുകള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലേക്ക് പൂരം മാറണം എന്നാണ് അഭിപ്രായപ്പെട്ടത്.ഇതുപോലുള്ള പോസിറ്റീവ് ആയ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.ഹെല്‍ത്തി ആയ വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമേ മെച്ചപ്പെടലിന് വകുപ്പുള്ളൂ.

ചില വിഡ്ഢികള്‍ റിമയുടെ ഭര്‍ത്താവായ ആഷിഖ് അബുവിനോട് പ്രസവിക്കാന്‍ ആവശ്യപ്പെടുന്നുണ്ട് ! ഇതൊക്കെയാണ് അവന്‍മാരുടെ മനസ്സിലെ ലിംഗസമത്വം ! അതിന് കയ്യടിക്കാന്‍ കുറേ കുലസ്ത്രീകളും !

ജെന്റര്‍ ഇക്വാലിറ്റി എന്നാല്‍ സാമൂഹികപരമായ തുല്യതയാണെന്ന അടിസ്ഥാനകാര്യമെങ്കിലും ആദ്യം മനസ്സിലാക്കണം.എന്നിട്ടുപോരേ വാചകമടി?

Related Post

മഞ്ഞിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താമോ? സൗരഭ് ദേശായിയുടെ ചിത്രം വൈറലായി  

Posted by - May 19, 2019, 10:01 am IST 0
പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സൗരഭ് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മഞ്ഞിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയുടെയാണ് ചിത്രം. എന്നാല്‍ ചിത്രത്തില്‍ പുലിയെ കണ്ടെത്തുക അത്രഎളുപ്പമല്ല. സമൂഹമാധ്യമങ്ങളില്‍…

ക്ലാസിലെ പരിചയപ്പെടലുകളിലൂടെ ചെറുപ്പത്തില്‍ നേരിട്ട അപമാനവും വേദനയും പങ്കുവെച്ച് അധ്യാപിക; അരുതേയെന്ന അപേക്ഷയും  

Posted by - May 19, 2019, 09:59 am IST 0
പുതിയ സ്‌കൂള്‍വര്‍ഷത്തിനു തുടക്കമാകുകയാണ്. സ്‌കൂള്‍ തുറന്ന് ക്ലാസ് ആരംഭിച്ചാല്‍ ഏറ്റവും ആദ്യത്തെ ചടങ്ങ് പരിചയപ്പെടലാണ്. എന്നാല്‍ അധ്യാപകരുടെ മുന്നില്‍ ഓരോ ക്ലാസ മുറിയിലും ഓരോ പുതുവര്‍ഷവും എത്തുന്ന…

Leave a comment