മാനന്തവാടി: കളിമണ്ണുക്ഷാമം ജില്ലയില്‍ മണ്‍കല നിര്‍മാണ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. മണ്ണെടുപ്പിനുള്ള അപേക്ഷകളില്‍ അധികൃതര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്തതും കഴിഞ്ഞ പ്രളയത്തില്‍ അടുപ്പ് അടക്കം നഷ്ടമായവര്‍ക്കു പരിഹാരധനം നല്‍കാത്തതും പ്രതിസന്ധിക്കു ആക്കം കൂട്ടുകയാണ്. കളിമണ്ണ് ആവശ്യത്തിനു കിട്ടാത്ത സാഹചര്യത്തില്‍ ഡിമാന്‍ഡിനൊത്ത് മണ്‍പാത്ര നിര്‍മാണം നടത്താനും വിപണിയില്‍ എത്തിക്കാനും ഈ രംഗത്തുള്ളവര്‍ക്കു കഴിയുന്നില്ല. ജില്ലയില്‍ മേപ്പാടി, നത്തം കുനി എന്നിവിടങ്ങളിലാണ് സ്വകാര്യ ഭൂമയില്‍ കളിമണ്ണ് കുറച്ചെങ്കിലും ലഭ്യം. റവന്യൂ ഭൂമിയില്‍ കളിമണ്ണ് ഉണ്ടെങ്കിലും മണ്ണെടുപ്പിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഒരു ടിപ്പര്‍ കളിമണ്ണിനു 16,000 രൂപയാണ് വില. വീടുകളില്‍ പാചകത്തിനു മണ്‍പാത്രങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. മണ്‍കലങ്ങള്‍ക്കു ആവശ്യക്കാരും ഏറെയാണ്. 50 രൂപ മുതല്‍ 2,000 രൂപ വരെ വിലയുള്ള മണ്‍പാത്രങ്ങള്‍ വിപണിയില്‍ ലഭിക്കും. കുന്പാര സമുദായത്തില്‍പ്പെട്ടവരാണ് മണ്‍പാത്രങ്ങള്‍ പ്രധാനമായും ഉണ്ടാക്കുന്നത്.
