ബത്തേരി : കാട്ടിറച്ചിക്കു വേണ്ടി വന്യജീവികളെ കുരുക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടി വച്ച് പിടികൂടി തിരികെ കാട്ടില്‍ വിട്ടു. 2 വയസ് പ്രായം വരുന്ന ആരോഗ്യവാനായ പുലിയാണ് കെണിയില്‍ പെട്ടത്. പുലിയെ പിടികൂടി മയക്കം തെളിഞ്ഞ ശേഷം ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തിയാണ് വനത്തില്‍ തുറന്നു വിട്ടത്. വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ റേഞ്ചിലെ നമ്പ്യാര്‍കുന്ന് വരിക്കേരി കമ്പക്കോടിയില്‍ ഇന്നലെ രാവിലെ 7 നാണ് പുലി കെണിയില്‍ അകപ്പെട്ടത്. വനാതിര്‍ത്തിയോടു ചേര്‍ന്ന ആനക്കിടങ്ങിനരികെ ആരോ സ്ഥാപിച്ച കേബിള്‍ വയര്‍ കൊണ്ടുള്ള കുരുക്കിലാണ് പുലി പെട്ടത്.ഉദരഭാഗം കുടുങ്ങിപ്പോയ നിലയിലായിരുന്നു പുലി. ഉറക്കെയുള്ള മുരള്‍ച്ച കേട്ട് സമീപവാസികള്‍ വന്നു നോക്കിയപ്പോഴാണ് പുലി അനങ്ങാന്‍ വയ്യാതെ കിടക്കുന്നത് കണ്ടത്.
ഉടന്‍ വനപാലകരെ വിവരമറിയിച്ചു. വൈല്‍ഡ് ലൈഫ്് വാര്‍ഡന്‍ പി.കെ. ആസിഫ്, സീനിയര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ അജയ്‌ഘോഷ്, രമ്യ രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ് പറഞ്ഞു.
